കൊച്ചി: ഇന്ന് അത്തം. മലയാളിയുടെ മഹോത്സവമായ തിരവോണത്തിലേക്ക് ഇനി മലയാളി പൂക്കളിട്ടും ആഘോഷമൊരുക്കിയും ചുവട് വെക്കും.മലയാളി വീടുകളുടെ മുറ്റത്ത് മാവേലി മഹാരാജനെ വരവേല്‍ക്കാന്‍ ഇന്ന് മുതല്‍ പൂക്കളങ്ങള്‍ വിരിയും
ചാണകം മെഴുകിയ തറയില്‍ തൊടിയിലെ തുമ്പയും മുക്കുറ്റിയും ചെത്തിയും തീര്‍ത്ത പൂക്കളങ്ങള്‍ ഇന്ന് അപൂര്‍വമാണ്. പകരം വിപണിയിലെ പൂക്കളിട്ട് മലയാളി പൂക്കളം തീര്‍ക്കും. പനയോലകൊണ്ട് മെടഞ്ഞ പൂവട്ടികളുമായി അതിരാവിലെ പൂ പറിക്കാന്‍ പോയിരുന്ന കുട്ടിക്കൂട്ടങ്ങള്‍ ഇന്ന് ഗൃഹാതുര സ്മരണ മാത്രം. തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, കൃഷ്ണാന്തളിയും ഇന്ന് തൊടികളില്‍ നിന്ന് പിന്‍വാങ്ങി കൊണ്ടിരിക്കുന്നു. പകരം ഗുണ്ടല്‍പേട്ടില്‍നിന്നും കോയമ്പത്തൂരില്‍ നിന്നുമത്തെുന്ന ജമന്തിയും ചെണ്ടുമല്ലിയും അരളിയുമാണിന്ന് മലയാളിക്കാശ്രയം. അന്യസംസ്ഥാന പൂക്കളെ ആശ്രയിച്ചാണ് ഗ്രാമങ്ങളില്‍ പോലും പൂക്കളം നിറയുന്നത്.
പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്താഘോഷവും ഇന്നാണ്. സ്കൂളുകളിലും വിവിധ സ്ഥാപനങ്ങളിലും ഇന്നുമുതല്‍ പൂക്കള മത്സരങ്ങള്‍ക്ക് തുടക്കമാകും.
തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്. ഇന്നലെ വൈകീട്ട് കൊച്ചി ഹില്‍പാലസില്‍ രാജകുടുംബാംഗത്തില്‍ നിന്നും നഗരസഭാ അധികൃതര്‍ അത്തംപതാക ഏറ്റുവാങ്ങി. തൃപ്പൂണിത്തുറ സര്‍ക്കാര്‍ ബോയ്സ് ഹൈസ്കൂള്‍ അങ്കണത്തില്‍ ആഘോഷപരിപാടികള്‍ ഗവര്‍ണ്ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്തു. മന്ത്രി അനൂപ് ജേക്കബ് പതാക ഉയര്‍ത്തി.
പതിനഞ്ച് സ്കൂളില്‍ നിന്നായി ആയിരത്തിലധികം കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഘോഷയാത്രയാണ് പ്രധാന ആകര്‍ഷണം.നിശ്ചല ദൃശ്യങ്ങളുടെയും കലാരൂപങ്ങളുടെയും വാദ്യസംഘത്തിന്റെയും അകമ്പടിയോടെ നഗരം ചുറ്റുന്ന ഘോഷയാത്രയില്‍ നിരവധി പേര് പങ്കെടുക്കുന്നു.
തിരുവോണം ദിവസം വരെ നീണ്ട് നില്ക്കുന്ന കലാപരിപാടികളും മത്സരങ്ങളും ഇതോടൊപ്പം നടക്കും.
Discussion about this post