ഡൽഹി: കൊവിഡ് 19 മഹാമാരിക്ക് മുന്നിൽ അമേരിക്കയും ബ്രിട്ടണും ഇറ്റലിയും സ്പെയിനും അടക്കമുള്ളവർ വീണപ്പോൾ ശക്തമായി പിടിച്ചു നിൽക്കാൻ ഇന്ത്യക്ക് കഴിഞ്ഞത് രോഗ വ്യാപനത്തോടുള്ള പ്രതികരണത്തിലെ വേഗതയെന്ന് ലോകാരോഗ്യ സംഘടന. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രോഗവ്യാപന നിരക്കും മരണ നിരക്കും ജനസംഖ്യാനുപാതികമായി കുറയ്ക്കാൻ ഇന്ത്യക്ക് കഴിഞ്ഞത് ഇതു കൊണ്ടാണെന്നും ലോകാരോഗ്യ സംഘടനയുടെ കൊവിഡ് 19 പ്രത്യേക പ്രതിനിധി ഡോ. ഡേവിഡ് നബാരോ അഭിപ്രായപ്പെട്ടു.
അതേസമയം ഇന്ത്യയിൽ ലോക്ക് ഡൗൺ പിൻവലിക്കുമ്പോൾ കൂടുതൽ കേസുകൾ ഉണ്ടായേക്കാമെന്നും എന്നാൽ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും ഡോക്ടർ നബാരോ പറഞ്ഞു. നിയന്ത്രണ വിധേയമായിട്ടായിരിക്കും ഇനി ഉണ്ടാകാൻ പോകുന്ന രോഗബാധ. ജൂലൈ അവസാനത്തോടെ ഇത് ഏറ്റവും ഉയരത്തിലെത്തുമെന്നും പിന്നീട് സ്ഥിതിയിൽ മാറ്റമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്ക് ഡൗൺ അടക്കമുള്ള ശക്തമായ നടപടികളിലൂടെ രോഗവ്യാപന തോത് നിയന്ത്രിക്കാൻ ഇന്ത്യക്ക് സാധിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് വൈറസ് വ്യാപനം കൂടുതലായി നടന്നത്. എന്നാൽ അവിടെയും സർക്കാരിന്റെ ശക്തമായ ഇടപെടൽ തുണയായെന്നും ഡോക്ടർ നബാരോ കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ രോഗം ഇരട്ടിക്കുന്നതിന്റെ നിരക്ക് 11 ദിവസമാണ്. കൊറോണ വൈറസ് കേസുകളുടെ എണ്ണം കൂടുതലാണെങ്കിലും രാജ്യത്തെ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ അത് വലുതാണ് എന്ന് പറയാൻ കഴിയില്ല. പ്രായമായവരിൽ മാത്രമാണ് പൊതുവിൽ മരണനിരക്ക് കൂടുതൽ. ഇന്ത്യയിലെ ജനങ്ങളുടെ പ്രായ വൈവിധ്യം കണക്കിലെടുക്കുമ്പോൾ മരണ നിരക്ക് തുലോം കുറവാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മരണനിരക്ക് ഇന്ത്യയിൽ ഇപ്പോഴും മൂന്നര ശതമാനത്തിൽ താഴെയാണെന്നും ഇത് ലോകത്തിലെ ഏറ്റവും കുറഞ്ഞ് നിരക്കുകളിൽ പെടുമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹർഷവർധൻ വ്യക്തമാക്കി.
Discussion about this post