ഡൽഹി: ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ നടന്ന ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി തുടരവെ വ്യോമസേനയെ വിശ്രമിക്കാൻ അനുവദിക്കാതെ പാകിസ്ഥാൻ. ഇന്ത്യ മൂന്നാം മിന്നലാക്രമണം നടത്താൻ സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് പാകിസ്ഥാനെ ഭയപ്പെടുത്തുന്നത്. ഹന്ദ്വാര ഭീകരാക്രമണത്തെ തുടർന്ന് കൊടും ഭീകരൻ റിയാസ് നായ്കു അടക്കമുള്ളവരെ ഇന്ത്യ വധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അതിർത്തിയിൽ എഫ് 16, ജെ എഫ് 17 വിമാനങ്ങൾ ഉപയോഗിച്ച് പാകിസ്ഥാൻ വിശ്രമമില്ലാതെ പട്രോളിംഗ് തുടരുന്നത്.
ഹന്ദ്വാരയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനെതിരായ നിലപാട് ഇന്ത്യ വീണ്ടും കടുപ്പിച്ചിരുന്നു. ഇന്ത്യയിലെ ഭീകരവാദ പ്രവർത്തനങ്ങൾക്കും നുഴഞ്ഞു കയറ്റങ്ങൾക്കും പിന്നിൽ പാകിസ്ഥാനാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇത് നിഷേധിച്ചുവെങ്കിലും കരുതിയിരിക്കാൻ സൈനികർക്ക് നിർദ്ദേശം നൽകിയതായാണ് സൂചന.
നേരത്തെ ഉറിയിലും പുൽവാമയിലും നടന്ന ഭീകരാക്രമണങ്ങൾക്ക് ഇന്ത്യ മിന്നലാക്രമണങ്ങളിലൂടെ പാകിസ്ഥാന് ശക്തമായ തിരിച്ചടികൾ നൽകിയിരുന്നു. പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകരക്യാമ്പിൽ മിന്നലാക്രമണം നടത്തിയ ഇന്ത്യ മുന്നൂറോളം ഭീകരരെ വധിച്ചിരുന്നു.
Discussion about this post