ഡൽഹി: ആഗോള സമ്പദ്ഘടനയെയും ആരോഗ്യ മേഖലയെയും വെല്ലുവിളിച്ച് കൊവിഡ് മഹാമാരി പടയോട്ടം നടത്തിയപ്പോൾ അതിനെതിരെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊണ്ട നടപടികൾ മാതൃകാപരവും അനുകരണീയവുമായിരുന്നുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമം ന്യൂയോർക്ക് ടൈംസ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘പടനായകൻ‘ എന്നാണ് മാദ്ധ്യമം വിശേഷിപ്പിച്ചത്. കൊവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തിൽ രാജ്യത്തെ എൺപത് ശതമാനം ആളുകളുടെയും വിശ്വാസം നേടിയെടുക്കാൻ സാധിച്ച നരേന്ദ്ര മോദിക്ക് ഇന്ന് ഒരു സർവ്വേ നടത്തുകയാണെങ്കിൽ 90 ശതമാനത്തിനും മുകളിലായിരിക്കും ജനപിന്തുണയെന്നും റിപ്പോർട്ടിൽ പറയുന്നതായി ദേശീയ മാദ്ധ്യമം ടൈംസ് നൗ വ്യക്തമാക്കുന്നു. കൊവിഡ് വ്യാപനം വൻ ശക്തികളായ അമേരിക്കയെയും റഷ്യയെയും പിടിച്ചുലച്ചപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനെയും കടത്തിവെട്ടാൻ നരേന്ദ്ര മോദിക്ക് സാധിച്ചുവെന്നും ന്യൂയോർക്ക് ടൈംസ് നിരീക്ഷിക്കുന്നു.
ഇതേ നിലയിൽ രോഗവ്യാപനം നിയന്ത്രിച്ചു നിർത്താൻ ഇന്ത്യക്ക് സാധിച്ചാൽ വൈകാതെ തന്നെ കൊവിഡ് ബാധയെ പിടിച്ചു കെട്ടാൻ ഇന്ത്യക്ക് സാധിക്കുമെന്നും അങ്ങനെ സംഭവിച്ചാൽ ഇന്ത്യൻ ജനതയുടെ അനിഷേധ്യ നേതാവായി നരേന്ദ്ര മോദി സ്ഥാനമുറപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ലോക്ക് ഡൗൺ ഉൾപ്പെടെ നരേന്ദ്ര മോദി മുന്നോട്ട് വെച്ച എല്ലാ പ്രതിരോധ മാർഗ്ഗങ്ങളെയും ഇന്ത്യൻ ജനത ഇരു കൈയ്യും നീട്ടി സ്വീകരിച്ചതായും ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കുന്നു. ലോക്ക് ഡൗൺ, ദീപ പ്രോജ്ജ്വലനം, ആരോഗ്യ പ്രവർത്തകരോടുള്ള ആദര പ്രകടനം എന്നിവയെല്ലാം ഇന്ത്യൻ ജനത ഏറ്റെടുത്തത് നരേന്ദ്ര മോദി എന്ന ദേശീയ നേതാവിനുള്ള അംഗീകാരമായും ന്യൂയോർക്ക് ടൈംസ് വിലയിരുത്തുന്നു.
വൈറസ് ബാധയെ ഒരു ഘട്ടത്തിലും നരേന്ദ്ര മോദി വിലകുറച്ചു കണ്ടില്ല. വ്യാപനത്തിന്റെ ഓരോ ഘട്ടങ്ങളിലും ശാസ്ത്രീയ മാർഗ്ഗങ്ങൾ അവലംബിച്ചതും ഒപ്പം ജനതയുടെ വിശ്വാസം നിലനിർത്താൻ പരിശ്രമിച്ചതും ആരാധനാലയങ്ങൾ പോലും തത്കാലത്തേക്ക് മറക്കാൻ ജനങ്ങളെ പ്രാപ്തരാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക്ഡൗൺ നാലാം ഘട്ടത്തിലേക്ക് കടന്നു. മെയ് 31നാണ് ലോക്ക് ഡൗൺ നാലാം ഘട്ടം അവസാനിക്കുന്നത്.
Discussion about this post