പട്ന: കൊവിഡ് 19 രോഗബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഓൺലൈൻ വഴി നടത്താനുള്ള സാദ്ധ്യത പരിശോധിക്കുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. ഒക്ടോബറിലോ നവംബറിലോ ആയിരിക്കും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഓണ്‍ലൈനിലൂടെയുള്ള തിരഞ്ഞെടുപ്പിന് ഇലക്ഷന്‍ കമ്മിഷന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും ഓണ്‍ലൈൻ വഴിയാക്കുമെന്നും സുശീൽ കുമാർ മോദി പറഞ്ഞു.
കോവിഡ് ഭീഷണി വിട്ടൊഴിയാത്ത സാഹചര്യത്തിൽ പതിവ് രീതിയിലുള്ള തിരഞ്ഞെടുപ്പ് അസാധ്യമാണെന്ന് സുശീൽ കുമാർ മോദി വ്യക്തമാക്കി. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിലുണ്ടായ മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ നമ്മൾ തയ്യാറാകണം. പരമ്പരാഗത രീതിയിലുള്ള പ്രചരണപരിപാടികളും പോളിങ് ബൂത്തുകളില്‍ ദീര്‍ഘനേരം കാത്തുനിന്ന് വോട്ടു രേഖപ്പെടുത്തുന്നതുമായ രീതി മാറി ഡിജിറ്റല്‍ രീതി പ്രാവര്‍ത്തികമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പല രാജ്യങ്ങളിലും ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് രീതി നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ഭൂരിപക്ഷം വീടുകളിലും ടെലിവിഷനുള്ളതു കൊണ്ടും വൈദ്യുതി ലഭ്യത കാര്യക്ഷമമായതു കൊണ്ടും ചാനലുകളിലൂടെ പ്രചാരണപരിപാടികള്‍ നടത്താമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് ഓഡിയോ വീഡിയോ സെഷനുകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം വിശദീകരിച്ചു. വികസനത്തിന്റെ കാര്യത്തിലും ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന കാര്യത്തിലും ബിജെപി മറ്റ് പാര്‍ട്ടികളേക്കാള്‍ ബഹുദൂരം മുന്നിലാണെന്നും അതു കൊണ്ടാണ് ബിഹാറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഡിജിറ്റല്‍ ആക്കണമെന്ന് നിശ്ചയിച്ചിരിക്കുന്നതെന്നും സുശിൽ കുമാർ മോദി വ്യക്തമാക്കി.
ഓൺലൈൻ തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയാൽ ഇന്ത്യയില്‍ ആദ്യമായി ഈ സംവിധാനം നടപ്പിലാക്കുന്ന സംസ്ഥാനമായി ബിഹാർ മാറും.
Discussion about this post