തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ സമരത്തെ തള്ളി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സമരം നടത്തിയത് കെ.പി.സി.സിയുടെ അറിവോടെയല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പരീക്ഷ മാറ്റണമെന്ന് പറയുന്നില്ല. നിശ്ചയിച്ചതു പോലെ നടക്കട്ടെ. പക്ഷേ, കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തണം. കുട്ടികളെ തെര്‍മല്‍ സ്കാനിംഗിന് വിധേയമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
സ്പ്രിന്‍ക്ലര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ സന്തോഷമുണ്ട്. ഇതൊരു വലിയ അഴിമതിയാണ്. സ്പ്രിന്‍ക്ലറുമായുള്ള ബന്ധം സര്‍ക്കാര്‍ പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല. ആര്‍ക്കുവേണ്ടിയാണ് ഈ കരാറുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എല്‍.ഡി.എഫ് സര്‍ക്കാര്‍ നാലാം വാര്‍ഷികമായി. ഈ നാലു വര്‍ഷവും കേരളത്തിന് ദുരിതകാലമായിരുന്നു. ദുരന്തകാലങ്ങളില്‍ പകച്ച് നിന്ന സര്‍ക്കാരാണിത്. 4 വര്‍ഷം സര്‍ക്കാരും മന്ത്രിസഭയുമുണ്ടായിരുന്നില്ല. ഭരിക്കുന്ന കാര്യത്തിലല്ല പിരിക്കുന്ന കാര്യത്തിലാണ് സര്‍ക്കാരിന് താത്‌പര്യമെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
തനിക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളെക്കുറിച്ചും മുല്ലപ്പള്ളി പ്രതികരിച്ചു. പിതൃശൂന്യ പോസ്റ്ററുകളെക്കുറിച്ച് എന്ത് പറയാനാണ് എന്നായിരുന്നു പ്രതികരണം. ഇങ്ങനെ സ്വഭാവഹത്യ നടത്തുന്നത് ശരിയല്ല. പരാതിയുണ്ടെങ്കില്‍ മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
Discussion about this post