മുംബൈ: മഹാരാഷ്ട്രയിലെ കൊറോണ വ്യാപനത്തിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. മഹാരാഷ്ട്ര സര്‍ക്കാരിന് കോണ്‍ഗ്രസ് പിന്തുണ നല്കുന്നതു മാത്രമേ ഉള്ളുവെന്നും ഭരിക്കുന്നത് കോണ്‍ഗ്രസ് അല്ലെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് നിരുപമിന്റെ വിമര്‍ശനം.
മുഖ്യമന്ത്രി എല്ലാ ദിവസവും ജനങ്ങളോടു സംസാരിക്കുന്നുണ്ട്. എന്നാല്‍ സഖ്യകക്ഷികളുമായി ഇത്തരത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കില്‍ 60 ദിവസങ്ങളിലുണ്ടായ 60 തിരിച്ചടികള്‍ ഒഴിവാക്കാമായിരുന്നു. അദ്ദേഹം എല്ലാ ദിവസവും തീരുമാനങ്ങള്‍ മാറ്റുകയാണ്. ചില തീരുമാനങ്ങള്‍ തെറ്റുന്നു, ചിലത് വൈകുന്നു. കൊറോണ പ്രതിസന്ധി വര്‍ധിക്കാന്‍ ഇതു കാരണമാകുന്നുണ്ടെന്നും നിരുപം കുറ്റപ്പെടുത്തി.
സര്‍ക്കാരില്‍ വിള്ളലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഉദ്ധവ് താക്കറെയുമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ പ്രസ്താവന.
Discussion about this post