ലഖ്നൗ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചു. ക്ഷേത്ര നിർമ്മാണത്തിന്റെ പ്രാഥമിക ഘട്ടം ആരംഭിച്ചതായി രാം ജന്മഭൂമി തീർത്ഥ ട്രസ്റ്റിന്റെ ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസ് അറിയിച്ചു. ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ആരംഭം കുറിച്ചുകൊണ്ട് നൃത്യ ഗോപാൽ ദാസ് നിലവിലെ താൽക്കാലിക ക്ഷേത്രത്തിൽ പൂജ നടത്തി.
അയോധ്യയിലെ രാമ ജന്മഭൂമിയിൽ ക്ഷേത്ര നിർമ്മാണം നടത്താമെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധി 2019 നവംബർ 9 ന് വന്നതോടെയാണ് വിദഗ്ദ്ധരെ ഉൾപ്പെടുത്തിയുള്ള ക്ഷേത്ര നിർമ്മാണ ട്രസ്റ്റിന് കേന്ദ്രസർക്കാർ രൂപം നൽകിയത്. തുടർന്ന് മാർച്ച് 15 ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിൽ 27 വർഷത്തിന് ശേഷം രാംലല്ലയുടെ വിഗ്രഹം താൽക്കാലിക ക്ഷേത്രത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു. മാനസ് ഭവൻ വളപ്പിലെ പ്രത്യേകം നിർമ്മിച്ച പന്തലിലാണ് വിഗ്രഹം ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്.
രാമക്ഷേത്ര നിർമ്മാണത്തിനായി സർവ്വസജ്ജരായി പതിനായിരക്കണക്കിന് ഭക്തർ കാത്തിരിക്കുകയാണെന്നും അതിനാൽ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് യാതൊരുവിധ പ്രതിസന്ധികളും നിലവിലില്ലെന്നും മുഖ്യ പൂജാരി വ്യക്തമാക്കി. ക്ഷേത്രനിർമ്മാണത്തിനായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ഭക്തർ സംഭാവനകൾ നൽകി ഭക്തിപുരസ്സരം കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.











