മനാമ: അര്‍ഹരായ പ്രവാസികള്‍ക്ക് പ്രവാസി ക്ഷേമ നിധിയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടില്‍ (ഐ.സി.ഡബ്യു.എഫ്) നിന്ന് ടിക്കറ്റ് കൊടുക്കാന്‍ എംബസികള്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി.
കൊറോണ വൈറസ് വ്യാപന പ്രതിസന്ധിയില്‍ ദുരിതത്തിലായ പ്രവാസികള്‍ക്ക് ടിക്കറ്റ് നല്‍കാന്‍ എംബസികള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പ്രവാസികളുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിക്കാതെ ടിക്കറ്റ് നല്‍കാനാവില്ലെന്ന നയമാണ് ചില എംബസി അധികൃതര്‍ സ്വീകരിച്ചത്. കോടതി ആവശ്യപ്പെട്ടതിനനുസരിച്ച് നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി. വിജയകുമാര്‍, ടിക്കറ്റ് നല്‍കാന്‍ ഫണ്ട് വിനിയോഗിക്കുന്നതില്‍ കേന്ദ്രത്തിന് എതിര്‍പ്പില്ലെന്ന് അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതി ടിക്കറ്റ് കൊടുക്കാന്‍ നടപിടി സ്വീകരിക്കണമെന്ന് എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
വടകര പാലോളി താഴയില്‍ ജിഷ, തിരുവനതപുരം മടവൂര്‍ പുലിയൂര്‍കോണത്ത് ഷീബ മന്‍സിലിൽ ഷീബ, കോഴിക്കോട് ഒഞ്ചിയം പുലിക്കോട്ട് കുനിയില്‍ വീട്ടില്‍ മനീഷ എന്നിവരാണ് യു.എ.ഇ, റിയാദ്, ദോഹ എന്നിവിടങ്ങളില്‍ യഥാക്രമം താമസിക്കുന്ന ജോലി നഷ്ടപ്പെട്ട ഭര്‍ത്താക്കന്മാര്‍ക്ക് ടിക്കറ്റ് നല്‍കണമെന്ന ആവശ്യവുമായി കോടതിയിലെത്തിയത്. വിധി പ്രസ്താവിച്ച കേരള ഹൈക്കോടതി ജഡ്ജി അനു ശിവരാമന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ റിയാദ്, ദോഹ എംബസികളോടും ദുബായ് കോണ്‍സുലേറ്റിനോടും ആവശ്യപ്പെട്ടു. ദുരിതത്തിലാകുന്ന പ്രവാസികളെ സഹായിക്കാനായി 2009-ല്‍ രൂപം നല്‍കിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടില്‍ കോടിക്കണക്കിന് രൂപയാണ് വിവിധ എംബസികളിലായി കെട്ടിക്കിടക്കുന്നത്.
Discussion about this post