പാലക്കാട്: ചതിച്ചാൽ പാർട്ടി ദ്രോഹിക്കുമെന്ന് പറഞ്ഞത് നാക്കുപിഴയാണെന്ന് ഷൊർണൂർ എം എൽ എയും സിപിഎം നേതാവുമായ പി കെ ശശി.
വാർത്തകൾ തന്നെ അതിശയിപ്പിച്ചുവെന്നും പാര്‍ട്ടിയില്‍ ചേരാന്‍ വന്നവര്‍ക്ക് ധൈര്യം നല്‍കുന്നതിന് വേണ്ടിയാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും ശശി വിശദീകരിച്ചു. തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്നും അതിൽ ദുഃഖമുണ്ടെന്നും ശശി വിശദീകരിച്ചു. പാര്‍ട്ടിക്ക് പ്രതികാരപരമായ ഒരു നയവുമില്ലെന്നും ശശി പറഞ്ഞു.
നേരത്തെ, ‘വിശ്വസിച്ചാൽ സംരക്ഷിക്കുകയും ചതിച്ചാൽ ദ്രോഹിക്കുകയും ചെയ്യുന്നതാണ് ‘പാർട്ടി നയമെന്ന് പി കെ ശശി പറഞ്ഞിരുന്നു. . മുസ്ലീം ലീഗ് വിട്ട് സിപിഎമ്മിൽ എത്തിയവർക്ക് പാലക്കാട് കരിമ്പുഴയിൽ നൽകിയ സ്വീകരണത്തിലായിരുന്നു ശശി വിവാദ പരാമർശം നടത്തിയത്.
”ഈ പാർട്ടിയുടെ ഒരു പ്രത്യേകത എന്താന്ന് വച്ചാൽ, പാർട്ടിയെ വിശ്വസിച്ച് കൂടെ വന്നാൽ, പൂർണ്ണമായ സംരക്ഷണം തരും. ആവശ്യമായ എല്ലാ സഹായവും സുരക്ഷിതത്വവും തരും. വളരെ വ്യക്തമായിട്ട് പറയാണ്. അതല്ല, ചതിച്ചാൽ, പാർട്ടി ദ്രോഹിക്കും. ഇത് പാർട്ടിയുടെ ഒരു നയമാണ്. ഞങ്ങളെല്ലാം പിന്തുടരുന്ന നയമാണ്”. ഇതായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ പി കെ ശശിയുടെ വാക്കുകൾ.
കൊവിഡ് ജാഗ്രതയുടെ ഭാഗമായി നിരോധനാജ്ഞ നിലനിൽക്കുന്ന പാലക്കാട്, സാമൂഹിക അകലം പോലും പാലിക്കാതെ ശശി യോഗത്തിൽ പങ്കെടുത്തതും വിവാദത്തിന് കാരണമായിരുന്നു. എന്നാൽ യോഗത്തിൽ നിരോധനാജ്ഞ ലംഘനം നടന്നിട്ടില്ലെന്ന് ശശി പറഞ്ഞു.
നേരത്തെ ഡിവൈഎഫ്ഐയിലെ ഒരു വനിതാ നേതാവിന്‍റെ പീഡന പരാതിയിൽ നടപടി നേരിട്ട ആളാണ് പി കെ ശശി. ശശിയെ സിപിഎമ്മിലെ ഒരു വിഭാഗം സംരക്ഷിക്കുകയാണെന്ന് പരാതിക്കാരിയും ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ പാർട്ടിയുടെ ‘സംരക്ഷണ‘ നയം വ്യക്തമാക്കിയ ശശിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് ശശി പ്രസ്താവനയിൽ നിന്നും മലക്കം മറിഞ്ഞത്.












