തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ആവേശോജ്ജ്വല തുടക്കം. വര്‍ണ്ണാഭമായ ചടങ്ങില്‍ ആയിരങ്ങളെ സാക്ഷിയാക്കി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഗെയിംസ് ഉദ്ഘാടനം ചെയ്യും.
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ പി.ടി ഉഷയ്ക്കും അഞ്ജു ബോബി ജോര്‍ജ്ജിനും ദീപശിഖ കൈമാറി. തുടര്‍ന്ന് മൂവരും ചേര്‍ന്ന് ഗെയിംസിന് തിരി തെളിയിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.
ചെണ്ട വിദ്വാന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ 101 പേര് അണിനിരക്കുന്ന മേളം ഗെയിംസ് ഉദ്ഘാടനചടങ്ങിന് ആവേശം പകര്‍ന്നു. പ്രീജ ശ്രീധരനാണ് കേരള ടീമിനെ നയിച്ചത്.
മത്സരങ്ങളുടെയും കായികതാരങ്ങളുടെയും എണ്ണംകൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ ഗെയിംസിനാണ് ഇക്കുറി കേരളം വേദിയാകുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി കായിക താരങ്ങളും പ്രതിനിധികളുമായി പതിനായിരത്തിലധികം പേര് മേളയില്‍ പങ്കെടുക്കും. 33 കായികയിനങ്ങളിലായി 414 സ്വര്‍ണമടക്കം 1369 മെഡലുകള്‍ സമ്മാനിക്കപ്പെടും.
ഗെയിംസിന്റെ പ്രധാന വേദി തിരുവനന്തപുരമാണ.് 15 ഇനങ്ങള്‍ ഇവിടെ നടക്കും. ആറ് ഇനങ്ങള്‍ക്ക് വേദിയാവുന്ന കൊച്ചിയാണ് രണ്ടാംസ്ഥാനത്ത്. കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലും വേദികളുണ്ട്. എല്ലായിനങ്ങളിലും മത്സരിക്കുന്ന ഒരേയൊരു ടീം കേരളമാണ്.
744 കായികതാരങ്ങളെ അണിനിരത്തുന്ന ആതിഥേയര്‍ ഗെയിംസിലെ ചാമ്പ്യന്‍പട്ടത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യംവെയ്ക്കുന്നില്ല. നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസ്, റണ്ണറപ്പുകളായ മണിപ്പുര്‍, മഹാരാഷ്ട്ര, ഹരിയാണ തുടങ്ങിയ ടീമുകളില്‍നിന്ന് കടുത്ത വെല്ലുവിളി നേരിടേണ്ടിവരും.
Discussion about this post