തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് സാമൂഹ്യവ്യാപനം ഇല്ലെന്ന് ആവർത്തിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. പുറത്ത് നിന്ന് വരുന്ന പലരും അവശനിലയിലാണെന്നും സമൂഹ വ്യാപനം സംശയിക്കത്തക്ക ക്ലസ്റ്ററുകള്‍ കേരളത്തിലില്ലെന്നും മന്ത്രി പറഞ്ഞു. സമ്പര്‍ക്കം മൂലമുള്ള രോഗപ്പകര്‍ച്ച കേരളത്തില്‍ താരതമ്യേന കുറവാണെന്നും മന്ത്രി ആവർത്തിച്ചു.
സംസ്ഥാനത്ത് മെയ് 7ന് ശേഷമാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. മെയ് ഏഴ് വരെ 512 രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് രോഗികള്‍ വളരെയധികം വര്‍ധിച്ചു. രോഗബാധിതര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് ഇപ്പോള്‍ വരുന്നവരില്‍ ഭൂരിഭാഗവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന പത്തനംതിട്ട സ്വദേശി ജോഷിയാണ് പുലര്‍ച്ചെ രണ്ട് മണിയോടെ മരിച്ചത്. അബുദാബിയിൽ നിന്ന് ഈ മാസം 11-നാണ് ജോഷി നാട്ടിലെത്തിയത്. 18ആം തീയതി മുതൽ പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് ഈ മാസം 27ആം തീയതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്. എന്നാൽ മരണം സംഭവിക്കുകയായിരുന്നു.
എന്നാൽ കേരളത്തിലെ കൊറോണ വ്യാപനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമായത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ദേശീയ തലത്തില്‍ കൊറോണ രോഗികളുടെ എണ്ണത്തിന്റെ വര്‍ധനവിന്റെ തോത് 4.14 ശതമാനമാണ്. കേരത്തില്‍ അത് 8.67 ശതമാനവും. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് ദേശീയ തലത്തില്‍ 14 ദിവസം കൊണ്ടാണെങ്കില്‍ കേരളത്തില്‍ 12 ദിവസംകൊണ്ടാണ്. കൊവിഡ് പരിശോധനാ നിരക്കിലും കേരളം മെല്ലെപ്പോക്ക് തുടരുന്നതായി കണക്കുകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.












