ഡൽഹി: കൊറോണ വൈറസ് വ്യാപനം പാർലമെന്റിലും എത്തി. രാജ്യസഭാ സെക്രട്ടറിയേറ്റിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ പാർലമെന്റ് മന്ദിരത്തിന്റെ ഏതാനും ചില നിലകൾ അടച്ചു പൂട്ടി.
പാർലമെന്റ് അനക്സ് മന്ദിരത്തിന്റെ രണ്ടു നിലകളാണ് ശുചീകരണത്തിനായി പൂട്ടിയിട്ടിരിക്കുന്നത് എന്നാണ് വിവരം. നേരത്തെ പാർലമെന്റിലെ മൂന്ന് ജീവനക്കാർക്ക് കൊവിഡ് ബാധിച്ചിരുന്നു. നിലവിൽ രോഗബാധ സ്ഥിരീകരിച്ച ഡയറക്ടർതല ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങൾക്കും രോഗബാധ സംശയിക്കുന്നുണ്ട്.
നേരത്തെ ലോക്സഭാ മന്ദിരത്തിലെ പരിഭാഷാ വിഭാഗത്തിലെ ഒരു ജീവനക്കാരന് രോഗം ബാധിച്ചിരുന്നു. മാർച്ച് മാസത്തിൽ രോഗം ബാധിച്ച ശുചീകരണ തൊഴിലാളിയായിരുന്നു പാർലമെന്റ് മന്ദിരത്തിലെ ആദ്യ കൊവിഡ് രോഗബാധിതൻ. കൃഷി ഭവൻ, ശാസ്ത്രി ഭവൻ, നീതി ആയോഗ് ആസ്ഥാനം എന്നിവിടങ്ങളിലും ജീവനക്കാർക്ക് രോഗബാധ ഉണ്ടായതിനെ തുടർന്ന് മന്ദിരങ്ങൾ ആഴ്ചകളോളം അടച്ചിട്ടിരുന്നു.
Discussion about this post