ഡൽഹി: അതിർത്തി തർക്ക വിഷയത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. ചൈനയുമായുള്ള പ്രശ്നത്തിൽ ഇടപെടാമെന്ന അമേരിക്കയുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് സെക്രട്ടറി മാര്‍ക്ക് ടി എസ്പറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലായിരുന്നു വിഷയത്തിൽ ഇന്ത്യയുടെ നയം രാജ്നാഥ് സിംഗ് വ്യക്തമാക്കിയത്.
വിഷയത്തിൽ മറ്റൊരു കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് ചൈനയും അറിയിച്ചിട്ടുണ്ട്. അതിർത്തി വിഷയം ശക്തമായി നിലനിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു അമേരിക്കൻ സെക്രട്ടറി മാര്‍ക്ക് ടി എസ്പർ രാജ്നാഥ് സിംഗുമായി ചർച്ച നടത്തിയത്. പ്രതിസന്ധി ഇല്ലാതാക്കാന്‍ നയതന്ത്ര, സൈനിക ചര്‍ച്ചകള്‍ നടത്താമെന്നായിരുന്നു അമേരിക്കയുടെ വാഗ്ദാനം.
കൂടാതെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പുരോഗതി ഇന്ത്യയും അമേരിക്കയും പരസ്പരം വിലയിരുത്തി. പ്രതിരോധ സഹകരണ മേഖലകളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തി. ഉംപുന്‍ ചുഴലിക്കാറ്റില്‍ മരണപ്പെട്ടവര്‍ക്ക് എസ്പര്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യ സന്ദർശിക്കാനുള്ള രാജ്നാഥ് സിംഗിന്റെ ക്ഷണം സ്വീകരിക്കുന്നതായും അദ്ദേഹം അറിയിച്ചു.
Discussion about this post