പെരുമ്പാവൂർ: സിപിഎം പെരുമ്പാവൂർ ഏരിയാ സെക്രട്ടറി സലീം ബ്ലേഡ് മാഫിയയും ഗുണ്ടായിസവും നടത്തുന്നതായി ആക്ഷേപമുയരുന്നു. വൻ തുകകൾ ആവശ്യക്കാർക്ക് നൽകിയ ശേഷം കൊള്ളപ്പലിശ നൽകാൻ ബുദ്ധിമുട്ടുന്നവർക്കെതിരെ ഗുണ്ടാ സംഘങ്ങളെ വിട്ടു ഭീഷണിപ്പെടുത്തുന്നതായാണ് പരാതി. ഇയാളുടെ പണമിടപാടുകൾക്ക് പൊലീസും കൂട്ടു നിൽക്കുന്നതായാണ് ആരോപണം.
സാധാരണക്കാർക്ക് അപ്രാപ്യമായ പലിശയാണ് ഇയാൾ ഈടാക്കുന്നത്. സലീമിന്റെ പക്കൽ നിന്നും പണം കടം വാങ്ങിയ പോഞ്ഞാശേരി സ്വദേശി ബഷീര്‍ കഴിഞ്ഞ നവംബറിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇയാൾ തയ്യാറാക്കിയ ആത്മഹത്യാ കുറിപ്പിൽ സലീമിനെതിരെ വ്യക്തമായ ആരോപണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നും ഇത് സലീമിന്റെ ഭരണ സ്വാധീനത്തെ ഭയന്നിട്ടാണെന്നും ബഷീറിന്റെ ബന്ധുക്കൾ ആരോപിക്കുന്നു.
നേരത്തെ പെരുമ്പാവൂരിലെ ബാറുടമകളെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലും സലീമിനെതിരെ ആരോപണം ഉയർന്നിരുന്നു. ഈ കേസും ഇയാൾ ഒതുക്കി തീർക്കുകയായിരുന്നു. സലീമിന്റെ പണമിടപാടുകളിലും ഗുണ്ടായിസത്തിലും പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ എതിർപ്പ് നിലനിൽക്കുന്നുണ്ട് എന്നാണ് വിവരം.












