തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വൈദികന് കൊവിഡ് സ്ഥിരീകരിച്ചതിൽ ആശങ്ക വർദ്ധിക്കുന്നു. വൈദികന് എവിടെനിന്നാണ് രോഗം പകർന്നതെന്നു കണ്ടെത്താൻ ഇതുവരെ സാധിക്കാത്തതാണ് അധികൃതരെ കുഴയ്ക്കുന്നത്. അതിനിടെ വൈദികനുമായി അടുത്തിടപഴകിയ മെഡിക്കൽ കോളജിലെ 10 ഡോക്ടർമാരും പേരൂർക്കട ആശുപത്രിയിലെ 9 ഡോക്ടർമാരും നിരീക്ഷണത്തിൽ പോയി. 13 ജീവനക്കാരും നിരീക്ഷണത്തിലുണ്ട്.
പേരൂർക്കട ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു. വൈദികൻ ഒന്നര മാസമായി മെഡിക്കൽ കോളജിലും പേരൂർക്കട ആശുപത്രിയിലും ചികിൽസയിലായിരുന്നു. വാഹനാപകടത്തിൽ പരുക്കേറ്റതിനെത്തുടർന്ന് ഏപ്രിൽ 20നാണ് നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കഴിഞ്ഞ മാസം 20ന് പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ശ്വാസംമുട്ടലിനെത്തുടർന്ന് വീണ്ടും മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം വൈദികന് ആുപത്രിയിൽനിന്നു രോഗം പകർന്നതാവാമെന്നാണ് ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നത്.









