ഡൽഹി: കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ടെലിഫോൺ സംഭാഷണം നടത്തി. ലഡാക്കിലെ പ്രകോപനത്തിന് രണ്ടു ദിവസത്തിനുശേഷമാണ് നടപടി. കിഴക്കൻ ലഡാക്ക് വിഷയത്തിൽ ഇന്ത്യയുടെ നിലപാട് ജയ്ശങ്കർ വാങ് യിയെ അറിയിച്ചു. ഗൽവാനിൽ സംഭവിച്ചത് ചൈന മുൻകൂട്ടി പദ്ധതിയിട്ടതാണെന്നും അതിന്റെ പരിണിതഫലത്തിന്റെ ഉത്തരവാദി ചൈനയാണെന്നും ജയ്ശങ്കർ വാങ് യിയോടു പറഞ്ഞു.
അതേസമയം, അതിർത്തിയിലെ പ്രശ്നങ്ങൾ മെച്ചപ്പെട്ട തലത്തിൽ പരിഹരിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചതായി ചൈനീസ് വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സംഘർഷത്തിനു കാരണക്കാരായവർക്കെതിരെ ഇന്ത്യ ശക്തമായ നടപടിയെടുക്കണമെന്നും മുൻനിര സേനയെ നിയന്ത്രിക്കണമെന്നും യി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും സൈന്യത്തെ പിൻവലിക്കണമെന്നും ചർച്ച തുടരണമെന്നും യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ, സുരക്ഷാ നയ വക്താവ് വിർജിൻ ബാട്ടു–ഹെൻറിക്സൺ ആവശ്യപ്പെട്ടു.
പരസ്പര വിശ്വാസം വളർത്തി മേഖലയിൽ സമാധാനവും സ്ഥരതയും ഉറപ്പാക്കാൻ ഇത് അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post