കട്ടപ്പന: ആര്‍ഭാടവും അനാവശ്യ ചെലവുകളും ഒഴിവാക്കിക്കൊണ്ട് വണ്ടന്മേട് എം.ഇ.എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളുടെ ഓണാഘോഷം വേറിട്ടതായി. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സഹപാഠികള്‍ക്ക് ഓണസമ്മാനം ഒരുക്കിയാണ് വിദ്യാര്‍ഥികള്‍ ആഘോഷത്തിന്റെ മാറ്റുകൂട്ടിയത്. ഓണപ്പൂക്കളത്തിനും മറ്റും വേണ്ടിവരുന്ന ഭീമമായ ചെലവ് ഒഴിവാക്കി ആ പണം സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സ്കൂളിലെ സഹപാഠികളുടെ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്യാന്‍ വിനിയോഗിക്കുകയായിരുന്നു.
സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെയും അധ്യാപകരുടെയും പിന്തുണയോടെ ‘ സഹപാഠിക്കൊരു ഓണസമ്മാനം ‘ എന്ന പേരില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് ഇതിനായി പിരിവെടുത്തത്. ഓരോ ദിവസവും സ്കൂളില്‍ ബക്കറ്റ് പിരിവ് നടത്തി ഓണക്കിറ്റിന് ആവശ്യമായ തുക കണ്ടെത്തി. വിദ്യാര്‍ഥികളുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ കിറ്റുകള്‍ സംഭാവന ചെയ്തും സാമ്പത്തിക സഹായം നല്‍കിയും അധ്യാപകരും അണിചേര്‍ന്നതോടെ ഫണ്ട് സമാഹരണം വേഗത്തില്‍ പൂര്‍ത്തിയായി.
തുടര്‍ന്ന് എന്‍.എസ്.എസ് വോളണ്ടിയര്‍മാരുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ രഹസ്യ സര്‍വേയിലൂടെയാണ് അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തിയത്. അരി, പഞ്ചസാര, കാപ്പിപ്പൊടി, വെളിച്ചെണ്ണ, പപ്പടം, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കടുക്, സാമ്പാര്‍കൂട്ട്, സോപ്പ്, പായസം മിക്സ് തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഓണക്കിറ്റ്. പി.ടി.എ പ്രസിഡന്റ് രാജേഷ് മേനോന് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ കെ.കെ. ഉെബെദുല്ല അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക മായാ വസുന്ധരാദേവി, മാനേജിങ് കമ്മിറ്റി െവെസ് പ്രസിഡന്റ് അബ്ദുല്‍ റസാഖ്, അധ്യാപകരായ ഹാരിസ് ടി.പി., രാജീവ് എസ്.ബി., അബ്ദുള്‍ ഷുക്കൂര്‍, ജോസ് സിറിയക്, സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. കഴിഞ്ഞ വര്‍ഷവും സ്കൂളിലെ വിദ്യാര്‍ഥികള്‍ 50 ഓളം ദരിദ്ര കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തിരുന്നു.
Discussion about this post