ന്യൂഡൽഹി: ഗാൽവൻ വാലിയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 45-50 ചൈനീസ് സൈനികരെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ. നാല് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ കൃത്യമായ കണക്ക് വ്യക്തമാക്കുക എളുപ്പമല്ലെന്നും ഇന്ത്യൻ സൈനിക വൃത്തങ്ങൾ പറഞ്ഞു.കഴിഞ്ഞ 45 വർഷത്തിനിടയിൽ ആദ്യമായാണ് ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ ഇങ്ങനെയൊരു ആക്രമണമുണ്ടാവുന്നത്.
കനത്ത മാധ്യമ സെൻസർഷിപ്പുള്ള ചൈനയിലെ ഒരു മാധ്യമവും ഏറ്റുമുട്ടലിൽ ചൈനയ്ക്കുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് വിവരിച്ചിട്ടില്ല. അതേസമയം, ഇന്ന് കൂടിച്ചേർന്ന വിവിധ സൈനിക മേധാവികൾക്കൊപ്പമുള്ള പ്രതിരോധമന്ത്രിയുടെ യോഗത്തിൽ പല പ്രധാനപ്പെട്ട തീരുമാനങ്ങളും എടുത്തതായാണ് റിപ്പോർട്ടുകൾ. യോഗത്തിൽ അതിർത്തി സംരക്ഷിക്കുന്നതിന് ഏതറ്റം വരെ പോകാനും ഇന്ത്യൻ സൈന്യത്തിന് പ്രതിരോധ മന്ത്രി പരിപൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.











