ഡൽഹി: രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നു. 6,04,641 പേർക്കാണ് രാജ്യത്ത് ഇതേവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 19,148 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 434 പേർ രോഗബാധയെ തുടർന്ന് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17,834 ആയി.
കൊവിഡ് ബാധിച്ച് രാജ്യത്ത് നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2,26,947 ആണ്. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയം ഒടുവിൽ പുറത്തിറക്കിയ കണക്ക് പ്രകാരം രാജ്യത്ത് ഇത് വരെ 3,59,860 പേർ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 59.51 ശതമാനമാണ്. ഇത് ആശ്വാസകരമായ കണക്കാണെന്ന് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു.
കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനിടെ രാജ്യത്തെ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. രാജ്യത്തെ പരിശോധനകളുടെ എണ്ണം 90 ലക്ഷം കടന്നു. ഇത് വരെ 90,56,173 സാമ്പിൾ പരിശോധനകൾ നടത്തിയെന്നാണ് കണക്ക്. രാജ്യത്ത് ഇതുവരെ 1,056 ലാബുകൾക്ക് കൊവിഡ് പരിശോധനക്കുള്ള അനുമതി നൽകിയെന്ന് ഐസിഎംആർ അറിയിച്ചിട്ടുണ്ട്. ഇതിൽ 764 എണ്ണം പൊതു വിഭാഗത്തിലും 292 എണ്ണം സ്വകാര്യ ലാബുകളുമാണ്.
കൂടാതെ പരിശോധനക്ക് കുറിപ്പടി നൽകാൻ സ്വകാര്യ ഡോക്ടർമാരെയും അനുവദിക്കണമെന്നും കേന്ദ്ര നിർദേശത്തിൽ പറയുന്നു. ആർടിപിസിആർ ടെസ്റ്റുകൾക്കൊപ്പം ദ്രുത ആന്റിജെൻ പരിശോധനകളും ഉപയോഗപ്പെടുത്തണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
Discussion about this post