ഡൽഹി: ടിക്ക് ടോക്ക് ഉൾപ്പെടെയുള്ള 59 ചൈനീസ് മൊബൈൽ ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ നടപടിയെ ‘ഡിജിറ്റൽ സ്ട്രൈക്ക്‘ എന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.
ഇന്ത്യയിലെ ജനങ്ങളുടെ സുരക്ഷയ്ക്കും പരമാധികാര സംരക്ഷണത്തിനും വേണ്ടിയാണ് ആപ്പുകൾ നിരോധിച്ചത്. നമ്മുടെ അതിർത്തിയിൽ കണ്ണുവെക്കുന്നവരുടെ കണ്ണിലേക്ക് നിർഭയം തുറിച്ച് നോക്കാൻ ഇന്ത്യക്ക് സാധിക്കും. നമ്മുടെ പൗരന്മാരെ സംരക്ഷിക്കാൻ ഡിജിറ്റൽ സ്ട്രൈക്ക് നടത്താനും നമുക്ക് സാധിക്കുമെന്ന് ഇതിലൂടെ വ്യക്തമാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ ബിജെപി സംഘടിപ്പിച്ച വെർച്വൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഴക്കൻ ലഡാക്കിൽ ചൈനയുമായി സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു ടിക്ടോകും യു സി ബ്രൗസറും ഉൾപ്പെടെയുള്ള 59 ചൈനീസ് മൊബൈൽ ആപ്പ്ളിക്കേഷനുകൾ ഇന്ത്യ നിരോധിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിലും അഖണ്ഡതയിലും പ്രതിരോധത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യൻ നടപടിയെ അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങൾ സ്വാഗതം ചെയ്തിരുന്നു.











