തിരുവനന്തപുരം : കൊലക്കേസ് പ്രതികളെ രക്ഷിക്കാൻ ഉൾപ്പെടെ നിരവധി കേസുകൾ നടത്താൻ സുപ്രീംകോടതിയിൽ നിന്നെത്തിച്ച അഭിഭാഷകർക്കായി പിണറായി സർക്കാർ ഇതുവരെ ചെലവാക്കിയത് നാലേമുക്കാൽ കോടി രൂപ.സർക്കാർ കേസുകൾ വാദിക്കാൻ അഡ്വക്കേറ്റ് ജനറലടക്കമുള്ളവർക്കായി ഏഴ് കോടി രൂപ ചെലവഴിച്ചപ്പോഴാണ് ഖജനാവിന് മേലെ സർക്കാരിന്റെ ഈ അധികഭാരം. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
രാഷ്ട്രീയ പ്രാധാന്യമുള്ള 13 കേസുകൾക്കായി പരമോന്നത കോടതിയിലെ അഭിഭാഷകരെ എത്തിച്ചതടക്കം 4,93,90,000 രൂപയാണ് ഖജനാവിൽ നിന്നും ചെലവഴിച്ചിരിക്കുന്നത്. നാല് ലോട്ടറിക്കേസുകളിൽ ഹാജരായ പല്ലവ് ഷിസോദിയയ്ക്ക് 75 ലക്ഷം, നികുതി കേസുകളിൽ എൻ.വെങ്കിട്ടരമണന് 19.5 ലക്ഷം, കണ്ണൂരിൽ ബിജെപി പ്രവർത്തകർ വധിക്കപ്പെട്ട കൊലക്കേസുകളിൽ ഹരിൻ.പി.റാവലിന് നൽകിയത് 64 ലക്ഷം, ഹാരിസൺ കേസിൽ ജയദീപ് ഗുപ്തയ്ക്ക് 64 ലക്ഷം, സോളാർ കേസിൽ രഞ്ജിത്ത് കുമാറിന് ഒരു കോടി 20 ലക്ഷം, പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിടാതിരിക്കാൻ ചിലവാക്കിയത് 88 ലക്ഷം രൂപ, കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബിനെ വെട്ടിക്കൊന്ന കേസ് നടത്താൻ വേണ്ടി വിജയ് ഹൻസാരിയ്ക്ക് ചെലവിട്ടത് 64 ലക്ഷം രൂപ, ഇങ്ങനെ പോകുന്നു സർക്കാരിന്റെ ചെലവു കണക്കുകൾ.
Discussion about this post