മുംബൈ: ആനുകൂല്യങ്ങൾ നൽകാതെ മാധ്യമ പ്രവർത്തകരെ കൂട്ടത്തോടെ പിരിച്ചു വിടാനുള്ള ‘ദി ഹിന്ദു‘വിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നടത്തുന്ന നീക്കത്തിനെതിരെ പ്രസ് കൗൺസിലിനെ സമീപിച്ചിരിക്കുകയാണ് ഒരു വിഭാഗം മാദ്ധ്യമ പ്രവർത്തകർ.
പത്രത്തിന്റെ മുംബൈ എഡിഷനിലാണ് ഏറ്റവും കൂടുതൽ മാധ്യമ പ്രവർത്തകരെ പിരിച്ചു വിടാൻ നീക്കം നടക്കുന്നത്. മുപ്പതോളം പേർക്കാണ് ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളം മാത്രമാണ് പിരിച്ചു വിടുമ്പോൾ നൽകുന്നത്. ഒരു മാസത്തെ മുഴുവൻ ശമ്പളം പോലും നൽകാതെ ഡി എ മാത്രം നൽകി ഒഴിവാക്കുന്നത് അനീതിയാണെന്ന് മാധ്യമ പ്രവർത്തകർ വാദിക്കുന്നു. ഇത് വർക്കിംഗ് ജേണലിസ്റ്റ് ആക്ട് അടക്കമുള്ള തൊഴിൽ നിയമങ്ങളുടെ പരസ്യമായ ലംഘനമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് ബാധയും ലോക്ക് ഡൗണും നിമിത്തം വരുമാനത്തിൽ ഇടിവ് വന്നതാണ് പിരിച്ചുവിടലിന് കാരണമായി മാനേജ്മെന്റ് പറയുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഒരാൾക്ക് പോലും തൊഴിൽ നഷ്ടമുണ്ടാകാൻ പാടില്ലെന്ന കേന്ദ്രസർക്കാരിന്റെ നിർദ്ദേശം ചൂണ്ടിക്കാട്ടിയാണ് മാദ്ധ്യമ പ്രവർത്തകർ പ്രസ് കൗൺസിലിന്റെ ഇടപെടൽ സാദ്ധ്യമാക്കിയിരിക്കുന്നത്.
Discussion about this post