കൊല്ലം: കൊട്ടാരക്കര കെ എസ് ആർ ടി സി ഡിപ്പോ അടച്ചു. കൊവിഡ് 19 കണ്ടെയ്ന്മെന്റ് സോണിൽ ഉൾപ്പെട്ടതിനാലാണ് ഡിപ്പോ അടച്ചിടാൻ തീരുമാനിച്ചത്. ഇതോടെ ഡിപ്പോയിൽ നിന്നുള്ള സർവ്വീസുകൾ നിർത്തി വെച്ചു.
മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ബസുകൾ നിലവിൽ ഡിപ്പോയിൽ കയറാതെയാണ് സർവീസ് നടത്തുന്നത്. ഒരാഴ്ച കഴിഞ്ഞ് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമേ പ്രത്യേക ഇളവ് നൽകി സർവീസ് പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കൂ.
അതേസമയം കൊല്ലം ജില്ലയിൽ ഉറവിടം കണ്ടെത്താൻ സാധിക്കാത്ത രണ്ട് കൊവിഡ് കേസുകൾ പുതിയതായി സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൊല്ലം കോര്‍പ്പറേഷനിലെ ഡിവിഷന്‍ 54, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 2,4,6,7,8 മേലില ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് എന്നിവിടങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.











