കൊച്ചി: എറണാകുളത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില അത്യാസന്ന നിലയിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. തോപ്പുംപടി സ്വദേശിയായ 66കാരന്റെ നിലയാണ് അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നത്. ദീർഘനാളായി പ്രമേഹത്തിനു ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ന്യുമോണിയ ബാധയെ തുടർന്ന് ജൂൺ 28ന് കളമശേരിയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രോഗം മൂർച്ഛിച്ച് വൃക്കയടക്കമുള്ള അവയവങ്ങളുടെ പ്രവർത്തനം താറുമാറായെന്നാണ് റിപ്പോർട്ട്. ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോൾ ഇദ്ദേഹം കഴിയുന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ മൂന്നാം ദിവസവും 200 പിന്നിട്ടു. സംസ്ഥാനത്ത് ഇന്ന് 225 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 38 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയേറ്റിട്ടുണ്ട്. ഇത് ആശങ്ക വർദ്ധിപ്പിക്കുകയാണ്.









