കാൺപൂരിൽ കഴിഞ്ഞ ദിവസം പോലീസുകാർക്കെതിരെയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനായ വികാസ് ഡൂബെയുടെ പ്രവർത്തനശൈലി മാവോയിസ്‌റ്റുകളെ പോലെയാണെന്ന് കാൺപൂർ പോലീസ്.പോലീസ് തകർത്ത വികാസ് ഡൂബെയുടെ വീട്ടിൽ നിന്നും സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തിയതിനെ തുടർന്ന് കാൺപൂർ റൂറൽ പോലീസിന്റെ മേധാവിയായ ബികെ ശ്രീവാസ്തവയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ടു കിലോയോളം സ്‌ഫോടന വസ്തുവും 6 തോക്കുകളും, ഇരുപത്തഞ്ചോളം വെടിയുണ്ടകളും വികാസ് ഡൂബെയുടെ വീട്ടിൽ നിന്നും കണ്ടെത്തി. പോലീസ് ആക്രമണമുണ്ടായാൽ ഒളിച്ചിരിക്കുന്നതിനായി ബങ്കറും വീട്ടിൽ പണി കഴിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.സംസ്ഥാനത്തിലെ 75 ജില്ലകളിലും ഡൂബെയെ പിടികൂടുന്നതിനായി കനത്ത ജാഗ്രത ഏർപ്പെടുത്തിയിട്ടുണ്ടെന്ന് യുപി ഡിജിപി ഹിതേഷ് ചന്ദ്ര അവസ്തി വിശദമാക്കി. വികാസ് ഡൂബെയെ പിടികൂടുന്നതിനായി മൂവായിരത്തോളം പോലീസുകാരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.








