ഡൽഹി: സ്വർണ്ണക്കടത്തു കേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. വിഷയത്തിൽ നിർണ്ണായക വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതായാണ് സൂചന.
യു എ ഇ കോൺസുലേറ്റിലെയും സംസ്ഥാന സർക്കാരിലെയും ഉദ്യോഗസ്ഥരെ സ്വപ്ന നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. ചില ഉന്നതരുടെ നമ്പരിലേക്കു ദിവസം പത്തിലേറെ തവണ കോളുകൾ പോയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ചു വരികയാണ്.
സംസ്ഥാനത്തെ ചില മുതിർന്ന രാഷ്ട്രീയ നേതാക്കൾക്ക് സ്വപ്നയുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ ഐബിയും റോയും അന്വേഷണത്തിൽ പങ്കാളികളായേക്കും.
ഐ ടി വകുപ്പിലെ ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നാണ് സൂചന. സ്വപ്നയും സരിത്തും നടത്തിയ വിദേശ യാത്രകളെക്കുറിച്ചും അന്വേഷിക്കും. ക്രൈംബ്രാഞ്ച് കേസിൽ പ്രതിയായിട്ടും സ്വപ്നയ്ക്ക് ഐടി വകുപ്പിൽ എങ്ങനെ ജോലി ലഭിച്ചു എന്നതും അന്വേഷിക്കും.
അതേസമയം സംഭവത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം അനിവാര്യമാണെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസ്സും രംഗത്ത് വന്നിട്ടുണ്ട്. അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ നേരിട്ട് എത്തുന്നതിൽ ഭരണ പക്ഷത്തെ പ്രമുഖർ അങ്കലാപ്പിലാണെന്നാണ് സൂചന.












