വാഷിംഗ്ടൺ: ചൈനയ്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കി അമേരിക്ക. ചൈനയ്ക്കെതിരേ വരാനിരിക്കുന്ന ചില നടപടികളെക്കുറിച്ച് വൈകാതെ നിങ്ങൾ കേൾക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മെക്കനാനി ബുധനാഴ്ച വാർത്താസമ്മേളനത്തിൽ അറിയിച്ചു. ‘ചൈനയ്ക്കെതിരേയുള്ള ഞങ്ങളുടെ നടപടികളെന്താണെന്ന് പ്രസിഡന്റിന് മുമ്പെ ഞാൻ പറയുന്നില്ല. വരാനിരിക്കുന്ന ചില നടപടികളെക്കുറിച്ച് നിങ്ങൾ കേൾക്കും. അക്കാര്യം എനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കും.’ കെയ്ലി വ്യക്തമാക്കി.
കോവിഡ് 19 വ്യാപനത്തിന് ശേഷം യു.എസ്.-ചൈന ബന്ധം ഏറെ വഷളായതിന് പിന്നാലെയാണ് ചൈനയ്ക്കെതിരെ യു എസ് നീക്കം ശക്തമാക്കിയത്. കോവിഡ് വ്യാപന വിഷയത്തിന് പുറമേ ചൈന ഹോങ്കോങ്ങിൽ ഏർപ്പെടുത്തിയ ദേശീയ സുരക്ഷാ നിയമം, അമേരിക്കൻ മാധ്യമപ്രവർത്തകർക്കുള്ള നിയന്ത്രണം, ടിബറ്റിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ, തുടങ്ങിയ വിഷയങ്ങളിലും അമേരിക്കയും ചൈനയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു.
ചൈനയ്ക്കെതിരെ വിമർശനം ഉന്നയിച്ച് അമേരിക്കൻ സുരക്ഷ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയാൻ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ചൈനയെ വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് നേരിട്ട് രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു. എന്നാൽ ചൈനയ്ക്കെതിരെ എന്തെല്ലാം നടപടികളാണ് അമേരിക്ക സ്വീകരിക്കുന്നതെന്ന കാര്യത്തിൽ സൂചനകളൊന്നും പുറത്തു വിട്ടിട്ടില്ല











