ഡൽഹി: പകർച്ച വ്യാധിക്കെതിരായ പോരാട്ടത്തിലും ഇന്ത്യൻ സമ്പദ്ഘടന സുതാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സാമ്പത്തിക രംഗവും ഇന്ത്യൻ സമ്പദ്ഘടനയും തിരിച്ചു വരവിന്റെ മാർഗ്ഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ഗ്ലോബൽ വീക്കിന്റെ ഭാഗമായ വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡാനന്തര സാമ്പത്തിക രംഗത്ത് ഇന്ത്യക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്. ലോകത്തിലെ ഏറ്റവും സുതാര്യമായ സമ്പദ്ഘടനകളിലൊന്നാണ് ഇന്ത്യ. ഈ പശ്ചാത്തലത്തിൽ ആഗോള കമ്പനികളെ താൻ ഇന്ത്യയിലേക്ക് ക്ഷണിക്കുകയാണ്. ഇന്ത്യയിലേതു പോലെ അനുകൂല സാഹചര്യങ്ങൾ ഉള്ള രാജ്യങ്ങൾ നിലവിൽ വിരളമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ആരോഗ്യത്തിനൊപ്പം സമ്പദ്ഘടനയുടെ ആരോഗ്യത്തിനും ഇന്ത്യ മികച്ച പ്രാധാന്യം നൽകുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കൂടാതെ സാമ്പത്തിക ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ സാധിച്ചതിൽ സാങ്കേതിക വിദ്യക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. പാചക വാതകവും ഭക്ഷ്യ ധാന്യങ്ങളും അക്കൗണ്ടുകളിലേക്ക് നേരിട്ട് പണവും എത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
Discussion about this post