കൊച്ചി: സ്വർണ്ണക്കടത്തിൽ പങ്കില്ലെന്നും ഭയം കൊണ്ടാണ് മാറി നിൽക്കുന്നതെന്നും തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ്. താൻ ആത്മഹത്യയുടെ വക്കിലാണെന്നും മാദ്ധ്യമങ്ങളിലൂടെ പുറത്തു വന്ന ശബ്ദസന്ദേശത്തിൽ സ്വപ്ന പറയുന്നു. വിവാദം ചിലർ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഉപയോഗിക്കുകയാണെന്നും സർക്കാരിനെ തൊടാനാവില്ലെന്നും അവർ വെല്ലുവിളിക്കുന്നുണ്ട്.
ജോലിയുടെ ഭാഗമായി ഒരുപാട് ഉയർന്ന ഉദ്യോഗസ്ഥർ മന്ത്രിമാർ, പ്രതിപക്ഷം തുടങ്ങി എല്ലാവരുമായി ഇടപെട്ടിട്ടുണ്ട്. അതെല്ലാം തികച്ചും ഔദ്യോഗികമാണ്. ബാഗേജ് വിട്ടു നൽകാൻ വിളിച്ചത് ഔദ്യോഗികമായാണെന്നും ഇവർ പറയുന്നു.
‘മാധ്യമങ്ങളിൽ ഇപ്പോൾ താനൊരു കള്ളക്കടത്തുകാരിയും ക്രിമിനലുമായിട്ടുണ്ട്. ഞാനങ്ങനെ ചെയ്തിട്ടില്ല. ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം വന്നതിൽ ഒരു പങ്കുമില്ല. യുഎഇയിൽ നിന്നു വന്ന ബാഗേജ് ക്ലിയറാകാൻ താമസിച്ചപ്പോൾ കോൺസലിലെ ഡിപ്ലോമാറ്റ് കാർഗോ വന്നതിന്റെ അടുത്ത ദിവസം വിളിച്ച് എന്റെ കാർഗോ ഇതുവരെ വന്നില്ല, എന്താണ് ഇത്ര താമസം, ഒന്ന് അന്വേഷിക്കുമോ എന്ന് ചോദിച്ചു. അതനുസരിച്ചാണ് കസ്റ്റംസിലെ അസിസ്റ്റന്റ് കമ്മിഷണറെ വിളിക്കുന്നത്. അദ്ദേഹം അത് കൈകാര്യം ചെയ്യാം എന്ന് സമ്മതിക്കുകയും ചെയ്തതാണെന്നും ഞാൻ സ്വപ്ന സുരേഷ് എന്ന് സ്വയം പരിചയപ്പെടുത്തി തുടങ്ങുന്ന ഓഡിയോയിൽ പറയുന്നു.
പഴ്സനൽ കാര്യങ്ങൾക്കായി ഒരിക്കലും ആരോടും സംസാരിച്ചിട്ടില്ല. സ്പേസ് പാർക്കിൽ കരാർ ജോലിക്കാരിയായി ഇരുന്ന് എന്തിനാണ് കോൺസുലേറ്റിലെ കാര്യങ്ങൾ ചെയ്യുന്നത് താൻ യുഎഇയിൽ ജനിച്ചു വളർന്നതിന്റെ സ്നേഹം കൊണ്ടാണെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.
ഞാനെന്ന സ്ത്രീയെ ഫ്രെയിം ചെയ്ത് എന്നെ ഞാനല്ലാതെ ആക്കി ആത്മഹത്യയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. അറ്റ കൈക്ക് ഞാനും എന്റെ കുടുംബവും ആത്മഹത്യ ചെയ്തിരിക്കും. അതിന് ഉത്തരവാദി നിങ്ങൾ ഓരോരുത്തരും ആയിരിക്കുമെന്നും സന്ദേശത്തിൽ ഭീഷണി മുഴക്കുന്നു.
മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ വീടുകളിൽ പോയിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയെയോ മറ്റ് മന്ത്രിമാരെയോ ഇത് ബാധിക്കില്ലെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.












