മയക്കുമരുന്നുകളും ആയുധങ്ങളും മുതൽ സ്വർണ്ണവും പണവും വരെ അതിർത്തികടത്തി ഇന്ത്യയിലെത്തിക്കാൻ കള്ളക്കടത്തുകാരും അവരെ സഹായിക്കുന്ന പാകിസ്ഥാനിലെ സൈനിക ഭീകര സാമ്പത്തികശൃംഖലയും ആട്ടിൻ പറ്റത്തെ മുതൽ ഒട്ടകങ്ങളെ വരെ ആശ്രയിച്ചിട്ടുണ്ട്. ഒട്ടകങ്ങളുടെ പുറത്ത് ആരുമറിയാത്ത രീതിയിൽ മയക്കുമരുന്നുകളും ആയുധങ്ങളും കെട്ടിവച്ച് താർ മരുഭൂമിയിലൂടെ അവരെ ഇന്ത്യയിലെത്തിക്കുകയായിരുന്നു ഒരു സമയത്ത് പാകിസ്ഥാൻ ഭീകരരും കള്ളക്കടത്തുകാരും ചെയ്തിരുന്നത്. ഇന്നത് ഡിപ്ളോമാറ്റിക് പാക്കേജ് വരെയെത്തിനിൽക്കുന്നെങ്കിലും അതിർത്തിയിൽ അതിന് സഹായകമാകുന്നത് ഇപ്പോൾ ഡ്രോണുകളാണ്.
ഡ്രോണുകളിൽ വച്ച് അതിർത്തി ഗ്രാമങ്ങളിലൂടെ ഇന്ത്യയിലെത്തിക്കുന്ന കള്ളക്കടത്ത് വസ്തുക്കൾ അതിർത്തികളിൽ ക്യാമ്പ് ചെയ്തിരിക്കുന്ന സൈനികപോസ്റ്റുകൾക്ക് കണ്ടെത്താനാകാത്ത രീതിയിലാകും പറത്തുന്നത്. റഡാറുകളോ മറ്റ് ഇലക്ട്രോണിക കണ്ടെത്തൽ സംവിധാനങ്ങളോ ഡ്രോണുകൾ കണ്ടെത്താൻ അധികം ഉപയോഗയോഗ്യമല്ല. ജമ്മുവിലെ ഹിരാനഗറിനടുത്തുള്ള രഥുവ ഗ്രാമത്തിനടുത്ത് പാകിസ്ഥാനിൽ നിന്ന് പറന്നെത്തിയ ഒരു ഡ്രോണിൽ നിന്ന് അമേരിക്കൻ നിർമ്മിത എം4 യന്ത്രത്തോക്കും രണ്ട് സെറ്റ് വെടിയുണ്ടയകളും അറുപത് വെടിയുണ്ടകളും ഏഴ് ഗ്രനേഡുകളും ആണ് ഈയിടെ സുരക്ഷാ സൈനികർ പിടികൂടിയത്.
ഈ ഡ്രോൺ സ്വീകരിക്കാൻ ആരാണ് ഇന്ത്യൻ അതിർത്തിയിലുണ്ടായിരുന്നതെന്ന് ഇന്നുവരെ സുരക്ഷാ ഏജൻസികൾക്ക് കണ്ടെത്താനായിട്ടില്ല. ജൂൺ മൂന്നിനും നാലിനും പഞ്ചാബിലെ ധറംകോട്ടിനടുത്ത ഒരു ഗ്രാമത്തിൽ മറ്റൊരു ഡ്രോണും ആയുധങ്ങൾ നിറച്ച് പറന്നെത്തിയത് സുരക്ഷാ സൈനികർ പിടികൂടിയിരുന്നു. രണ്ട് എം പി 9 തോക്കുകൾ, ആറു പിസ്റ്റളുകൾ, നാലു ലക്ഷം രൂപയുടെ വ്യാജനോട്ടുകൾ എന്നിവയാണ് ഈ ഡ്രോണുകൾ വഴി ഇന്ത്യയിലെത്തിക്കാൻ ശ്രമിച്ചത്. ജർമ്മനി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഖാലിസ്ഥാനി ഭീകരവാദികളായ രഞ്ജീത് സിംഗ് നീതയുടേയും ഗുർമീത് സിംഗ് ബഗ്ഗയുടെയും സംഘത്തിന് വേണ്ടിയാണ് ഈ ആയുധങ്ങൾ എത്തിയതെന്ന് സുരക്ഷാ ഏജൻസികൾ കണ്ടെത്തി.
കഴിഞ്ഞ കൊല്ലം ഖാലിസ്ഥാനി ഭീകരസംഘത്തിനെ പഞ്ചാബ് പോലീസ് കണ്ടെത്തി തകർത്തിരുന്നു. ഇവരുടെ അനുയായികൾ ഇന്നും പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. പാകിസ്ഥാൻ സൈനിക ഭീകര കൂട്ടുകക്ഷികേന്ദ്രങ്ങളുടെ അറിവില്ലാതെ ഇവ ഇന്ത്യയിലേക്ക് കടത്തുക അസാദ്ധ്യമാണ്.
ഡ്രോൺ നിർവീര്യമാക്കാനുള്ള സാങ്കേതികവിദ്യകളും (drone jammer) കൂടുതൽ ആധുനികമായ നിരീക്ഷണ സംവിധാനങ്ങളും അതിർത്തിയിൽ വിന്യസിക്കാൻ ആഭ്യന്തര പ്രതിരോധ മന്ത്രാലയങ്ങൾ തീരുമാനിച്ചിട്ടുണ്ട്. എത്ര കിട്ടിയാലും പഠിക്കാതെ ഇന്ത്യക്കെതിരേ അതിർത്തികടന്നുള്ള ഭീകരതയ്ക്ക് പുതുവഴികൾ തേടുകയാണ് പാകിസ്ഥാൻ.













Discussion about this post