ടി20 ലോകകപ്പിന് തൊട്ടുമുമ്പ് ഇന്ത്യൻ ടീം പുറത്തെടുക്കുന്ന തകർപ്പൻ ഫോമിൽ വിസ്മയം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത്. ഇന്ത്യയുടെ ബാറ്റിങ് കണ്ട് ലോകത്തിലെ മറ്റ് ടീമുകൾ ഭയപ്പെടുമെന്നും പാകിസ്ഥാൻ ഈ ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് അവർക്ക് നല്ലതെന്നും ശ്രീകാന്ത് പരിഹസിച്ചു.
ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന പാക് ക്രിക്കറ്റ് ബോർഡ് മേധാവി മൊഹ്‌സിൻ നഖ്‌വിക്കുള്ള മറുപടിയായാണ് ശ്രീകാന്ത് പ്രതികരിച്ചത്. “പാകിസ്ഥാനേ, നിങ്ങൾ വരണ്ട. വന്നാൽ നല്ല തല്ല് കിട്ടും. കൊളംബോയിൽ അടിക്കുന്ന സിക്സ് മദ്രാസിൽ പോയി വീഴും. എന്തെങ്കിലും കാരണം പറഞ്ഞ് മാറിനിൽക്കുന്നതാണ് നിങ്ങൾക്ക് നല്ലത്,” ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ 209 റൺസ് 15 ഓവറിൽ മറികടന്നു, ഈ മത്സരത്തിൽ 150 റൺസ് 10 ഓവറിൽ അടിച്ചെടുത്തു. ഇത് കണ്ട് പല ടീമുകളും ‘ഞങ്ങൾ വരുന്നില്ല, കപ്പ് നിങ്ങൾ തന്നെ വെച്ചോളൂ’ എന്ന് പറയുന്ന അവസ്ഥയാണെന്ന് അദ്ദേഹം പരിഹസിച്ചു. യുവ ഓപ്പണർ അഭിഷേക് ശർമ്മയുടെ ബാറ്റിങ്ങിനെ ശ്രീകാന്ത് വാനോളം പുകഴ്ത്തി. യാതൊരു ആയാസവുമില്ലാതെ സിക്സറുകൾ പറത്തുന്ന അഭിഷേകിന്റെ ശൈലി ബൗളർമാരെ ഭയപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 7-ന് അമേരിക്കയിൽ ആരംഭിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. ഫെബ്രുവരി 15-ന് കൊളംബോയിലാണ് ഇന്ത്യ-പാക് പോരാട്ടം. സുരക്ഷാ കാരണങ്ങളാൽ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും ടൂർണമെന്റ് മാറ്റിയതിനെ തുടർന്നാണ് പാകിസ്ഥാൻ ബഹിഷ്കരണ ഭീഷണി ഉയർത്തിയത്. എന്നാൽ പാകിസ്ഥാൻ ഇതിനകം തന്നെ തങ്ങളുടെ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു.












Discussion about this post