ശ്രീനഗർ: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കി ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ രാജ്യത്ത് വൻ ഭീകരാക്രമണങ്ങൾക്ക് സാദ്ധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. നുഴഞ്ഞു കയറാൻ തയ്യാറെടുത്ത് പാകിസ്ഥാൻ പിന്തുണയോടെ മുന്നൂറിലധികം ഭീകരർ അതിർത്തിയിലെ ലോഞ്ച് പാഡുകളിൽ കാത്തിരിക്കുന്നതായാണ് വിവരം. ഈ സാഹചര്യത്തിൽ അതിർത്തിയിൽ സൈന്യം നിരീക്ഷണം ശക്തമാക്കി.
ഇന്ന് നവ്ഗാമിൽ സൈന്യം കൊലപ്പെടുത്തിയ രണ്ട് ലഷ്കർ ഭീകരരിൽ നിന്നും വൻ തോതിൽ ആയുധങ്ങളും ഒന്നര ലക്ഷത്തോളം വില വരുന്ന ഇന്ത്യൻ- പാകിസ്ഥാൻ കറൻസിയും പിടിച്ചെടുത്തിരുന്നു. എകെ 47 തോക്കുകൾ, പാക് നിർമ്മിത ഗ്രനേഡുകൾ, ചൈനീസ് നിർമ്മിതതമായ് പിസ്റ്റളുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തിരുന്നു. ജമ്മു കശ്മീരിലെ സമാധാനാന്തരീക്ഷം തകർക്കുന്നതിനായി പാകിസ്ഥാൻ നടത്തുന്ന ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണിതെന്ന് സൈന്യം വിലയിരുത്തുന്നു.
ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത് പാക് സൈനിക പോസ്റ്റുകൾക്ക് സമീപത്തു കൂടിയാണ്. കൂടാതെ ഇവരിൽ നിന്നും കണ്ടെടുത്ത ആയുധങ്ങളിലെ മുദ്രകളും ഇവർക്ക് പിന്നിലെ പാക് പിന്തുണയുടെ സൂചനയാണെന്നും സൈന്യം സ്ഥിരീകരിക്കുന്നു.
പാകിസ്ഥാന്റെ അതിർത്തി രക്ഷാ സേനയുടെ പിന്തുണയോടെയാണ് ജയ്ഷെ-ലഷ്കർ ഭീകരർ ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞു കയറുന്നതെന്നും ഇവരെ നേരിടാൻ സർവ്വ സജ്ജരായി ഇന്ത്യൻ സേന നിലയുറപ്പിച്ചിരിക്കുകയാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
Discussion about this post