ഡൽഹി: ബഹിരാകാശ സാങ്കേതിക വിദ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഐ എസ് ആർ ഓ ചെയർമാൻ ഡോക്ടർ കെ ശിവൻ. സാങ്കേതിക രംഗത്ത് മികച്ച ഭാവിയാണ് ഇന്ത്യക്ക് ഉള്ളത്. നമ്മുടെ യുവാക്കൾക്ക് മികച്ച അവസരമാണ് ഇപ്പോൾ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ നിലവാരം കാത്തു സൂക്ഷിക്കാൻ യുവശാസ്ത്രജ്ഞർക്ക് സാധിക്കുകയാണെങ്കിൽ ഭാവിയിൽ ഇന്ത്യ ബഹിരാകാശ സാങ്കേതിക വിദ്യയുടെ പവർഹൗസ് ആകും. ബഹിരാകാശ സാങ്കേതിക രംഗം വിശാലമായ മേഖലയാണ്. അവിടെ യുവാക്കൾക്ക് മികച്ച പ്രോത്സാഹനം ലഭിച്ചാൽ ചരിത്രപരമായ നേട്ടങ്ങൾ സ്വന്തമാക്കാൻ നമുക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ച ശേഷം സുരക്ഷിതനായി തിരികെ എത്തിക്കുക എന്നതാണ് തന്റെ സ്വപ്ന പദ്ധതിയെന്നും ഡോക്ടർ കെ ശിവൻ റിപ്പബ്ലിക് ടിവിയോട് പറഞ്ഞു. ഇത് സാക്ഷാത്കരിക്കാൻ തങ്ങൾ ‘ഗഗൻയാൻ‘ പദ്ധതിയുടെ പണിപ്പുരയിലാണെന്നും മംഗൾയാനിന്റെ വിജയം ആവർത്തിക്കാൻ പദ്ധതിക്ക് സാധിക്കുമെന്നും ഐ എസ് ആർ ഓ ചെയർമാൻ വ്യക്തമാക്കി.
Discussion about this post