ഭോപാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസ്സിൽ നിന്നും ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. മുതിർന്ന നേതാവും ബഡാ മൽഹര എം എൽ എയുമായ പ്രഥ്യുമാൻ സിംഗ് ലോദി ബിജെപിയിൽ ചേർന്നു.
മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിദ്ധ്യത്തിലായിരുന്നു ലോദി ബിജെപിയിൽ ചേർന്നത്. ലോദിയെ മധുരം നൽകി സ്വാഗതം ചെയ്യുന്നതായി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി.
കഴിഞ്ഞ മാർച്ചിൽ കോൺഗ്രസ്സ് യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ 22 എം എൽ എമാർ കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. തുടർന്ന് ഭൂരിപക്ഷം നഷ്ടമായ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് സർക്കാർ രാജി വെച്ചിരുന്നു. നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച ബിജെപി സർക്കാർ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ അധികാരം ഏറ്റെടുക്കുകയായിരുന്നു.
അതേസമയം രാജസ്ഥാനിലെ കോൺഗ്രസ്സ് പാർട്ടിയിലും പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. യുവനേതാവ് സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലുള്ള 23 എം എൽ എമാർ പാർട്ടി നേതൃത്വവുമായും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായും ശീതസമരത്തിലാണ്. ഇവർ ബിജെപിയിലേക്ക് നീങ്ങുന്നതായാണ് സൂചന.
Discussion about this post