മുംബൈ: കൊവിഡ് ഭീഷണിയെ തുടർന്ന് മാറ്റി വെച്ചിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2020 എഡിഷൻ യു എ ഇയിൽ നടത്താൻ നീക്കം. സെപ്റ്റംബർ 26 മുതൽ നവംബർ 7 വരെ മത്സരങ്ങൾ യു എ ഇയിലെ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്തിയേക്കുമെന്നാണ് സൂചന. യു എ ഇയിൽ നിലവിൽ കൊവിഡ് വ്യാപനം കുറഞ്ഞു വരികയാണ്. ഇതിലുണ്ടാകുന്ന പുരോഗതിയുടെ അടിസ്ഥാനത്തിൽ കാണികൾക്ക് നിയന്ത്രിതമായി പ്രവേശനം നൽകാനും ആലോചനയുണ്ട്.
ഒക്ടോബർ 18ന് ഓസ്ട്രേലിയയിൽ തുടങ്ങാൻ നിശ്ചയിച്ചിരിക്കുന്ന ട്വെന്റി 20 ലോകകപ്പ് മാറ്റി വെക്കാനാണ് സാദ്ധ്യത. ഈ പശ്ചാത്തലത്തിൽ യു എ ഇയിൽ ഐപിഎൽ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി സി സി ഐ കേന്ദ്രസർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. താരങ്ങൾക്കും ഒഫീഷ്യൽസിനും യാത്രാനുമതി നൽകണമെന്നും കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.
നേരത്തെ രണ്ട് തവണ ഐപിഎൽ വിദേശ വേദികളിൽ നടത്തിയിട്ടുണ്ട്. 2009ൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് മത്സരങ്ങൾ ദക്ഷിണാഫ്രിക്കയിൽ നടത്തിയിരുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആദ്യ ഘട്ട മത്സരങ്ങൾ യു എ ഇയിൽ നടത്തിയിരുന്നു. ഇവ രണ്ടും വൻ വിജയങ്ങളായിരുന്നു. ഇതാണ് മത്സരങ്ങൾ യു എ ഇയിൽ നടത്താൻ ബി സി സി ഐയെ പ്രേരിപ്പിക്കുന്നത്.
Discussion about this post