നോവല്‍ കൊറോണ വൈറസിനെതിരെയുള്ള ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ ആദ്യഘട്ടങ്ങളുടെ വിജയകരമായ പരീക്ഷണഫലങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതിനിടയില്‍ ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് വാക്‌സിനായ കോവാക്‌സിന്റെ ആദ്യഘട്ട പരീക്ഷണങ്ങള്‍ക്കായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഒരുങ്ങുന്നു. ഫേസ് 1 എന്ന ഈ പരീക്ഷണഘട്ടത്തില്‍ വാക്‌സിന്റെ സുരക്ഷയെക്കുറിച്ചാവും പരീക്ഷണങ്ങള്‍ നടത്തുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ആണ് കോവാക്‌സിന്‍ (COVAXIN) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ വാക്‌സിന്‍ കണ്ടെത്തിയത്.
18നും 55 നും വയസ്സിനിടയ്ക്ക് പ്രായമുള്ള ആരോഗ്യമുള്ള 375 പേരിലായിരിക്കും ഈ വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണങ്ങള്‍ നടത്തുന്നത്. അതില്‍ 100 പേര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നാവും വാക്‌സിന്‍ സ്വീകരിക്കുക. ഡബിള്‍ ബ്‌ളൈന്‍ഡഡ് പഠനമാവും നടത്തുക. അതായത് വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ പകുതിപ്പേര്‍ക്ക് വാക്‌സിനും പകുതിപ്പേര്‍ക്ക് വാക്‌സിനല്ലാതെ ഒരു പ്‌ളാസിബോ കുത്തിവപ്പുമാകും നല്‍കുക. ആര്‍ക്കാണ് വാക്‌സിന്‍ ലഭിച്ചത് ആര്‍ക്കാണ് പ്‌ളാസിബോ ലഭിച്ചതെന്ന് ഗവേഷകര്‍ക്കോ പരീക്ഷണത്തിനു വിധേയരാകുന്ന സന്നദ്ധ സേവകര്‍ക്കോ അറിവുണ്ടാകില്ല. പരീക്ഷണ ഫലങ്ങള്‍ പരിശോധിക്കുമ്പോല്‍ മാത്രമേ ഈ വിവരം പുറത്തുവിടൂ.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡും സംയുക്തമായാണ് കോവാക്‌സിന്‍ വികസിപ്പിച്ചത്. ‘സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും പ്രധാന മുന്‍ഗണന. ഈ വാക്‌സിന്‍ സുരക്ഷിതമാണോ എന്നാണ് ഈ ഘട്ടത്തില്‍ പരിശോധിക്കുന്നത്. ഈ പരിശോധനാഫലങ്ങള്‍ രണ്ടോ മൂന്നോ മാസത്തിനിടയില്‍ അറിയാനാകും. അത് വിജയകരമായാല്‍ വാക്‌സിന്‍ പരീക്ഷണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും.’ എയിംസ് ഡയറക്ടര്‍ ഡോക്ടര്‍ രണ്‍ദീപ് ഗുലേരിയ പറഞ്ഞു.
തെക്കുകിഴക്കന്‍ ഏഷ്യയിലാണ് കോവിഡ് രോഗബാധിതരില്‍ ലോകത്തേറ്റവും കുറവ് മരണനിരക്ക് കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറ്റലിയിലോ സ്‌പെയിനിലോ അമേരിക്കയിലോ ഉള്ളതിനേക്കാള്‍ മരണനിരക്ക് ഇന്ത്യ ഉള്‍പ്പെടുന്ന തെക്കുകിഴക്കന്‍ ഏഷ്യയില്‍ കുറവാണ്. അദ്ദേഹം അറിയിച്ചു.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനൊപ്പം ഹൈദരാബാദിലെ നൈസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും ആദ്യഘട്ട പരീക്ഷണം നടക്കുന്നുണ്ട്. പന്ത്രണ്ട് ഗവേഷണ ആശുപത്രികളിലാണ് ആദ്യഘട്ട പരീക്ഷണങ്ങള്‍ നടക്കുകയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ബലറാം ഭാര്‍ഗ്ഗവ അറിയിച്ചു.
Discussion about this post