രവീന്ദർജിത് രൺധ്വാര, ഗൗരി മഹാധിക്, രുചി വർമ്മ, നീത ദസ്‌വാൾ, പ്രീയാ സെംവാൾ…ഇവരെല്ലാം സാധാരണ കുടുംബങ്ങളിൽ നിന്നെത്തിയ സാധാരണ വനിതകൾ മാത്രമായിരുന്നു. ഇന്നവർ സൈനിക ഓഫീസർമാരാണ്.
സൈനിക ഓഫീസർമാരാവാൻ കൊതിച്ച് ജീവിതം തുടങ്ങിയവരായിരുന്നില്ല അവർ. ജീവിതത്തിൽ എല്ലാമെല്ലാമായവർ നഷ്ടപ്പെട്ട ദുഃഖത്തിന്റെ തീച്ചൂളയിൽ നിന്ന് ഫീനിക്സ് പക്ഷികളേപ്പോലെ ഉയർത്തെണീറ്റ് വന്ന വിജയത്തിന്റെ വീരപുത്രിമാരാണീ ഈ ആർമി ഓഫീസർമാർ. ഇവർക്കെല്ലാം ഒരു പൊതുവായ പ്രത്യേകതയുണ്ട്. ഇവരുടെയല്ലാം ജീവിത പങ്കാളികളായിരുന്നവർ രാഷ്ട്രത്തിനു വേണ്ടി ധീര ബലിദാനികളായവരാണ്. ബലിദാനികളുടെ ഭാര്യമാരെ വീരനാരിമാർ എന്നാണ് സൈന്യം വിശേഷിപ്പിക്കുന്നത്.
1998ലെ ഒരു ദിവസം. ജനറൽ വേദ്പ്രകാശ് മാലികിന്റെ ഭാര്യയും ആർമി വൈഫ്സ് വെൽഫെയർ അസോസിയേഷന്റെ ചുമതലയുമുള്ള ഡോക്ടർ രഞ്ജനാ മാലികിന്റെ ഓഫീസിലേക്ക് ഒക്കത്ത് ഒരു കുഞ്ഞുമായി, മടിച്ചു മടിച്ച് ഒരു വനിത കയറിച്ചെന്നു. കാശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഭീകരവാദികളെ തുരത്തുന്നതിനിടയിൽ 1997 ജൂൺ 17 ന് രാഷ്ട്രത്തിനു വേണ്ടി സ്വജീവൻ ഹോമിച്ച മേജർ സുഖ്‌വീന്ദർ രൺധ്വാരയുടെ ഭാര്യ രവീന്ദർജിത് ആയിരുന്നു ആ സ്ത്രീ.
അവർ പറഞ്ഞു. “എന്റെ ഭർത്താവിന്റെ മുഴുവൻ പെൻഷനും സകല ആനുകൂല്യവും എനിക്ക് ലഭിക്കുമെന്നും ഇനിയുള്ള ജീവിതത്തിൽ ഒരിക്കലും ബുദ്ധിമുട്ടേണ്ടിവരില്ലെന്നും എല്ലാവരും എന്നോട് പറയുന്നു. പക്ഷേ മാഡം, എനിക്ക് അതൊന്നും ആവശ്യമില്ല. ധീരബലിദാനിയായ എന്റെ ഭർത്താവിന്റെ പാത പിന്തുടർന്ന് എനിക്ക് സൈനിക സേവനമനുഷ്ഠിക്കണം.”
കേട്ടുകേൾവി പോലുമില്ലായിരുന്നു അന്ന് അക്കാര്യം. മുഴുവൻ പെൻഷനും ആനുകൂല്യങ്ങളും എല്ലാമുണ്ടായിരിക്കേ എന്തിനാണ് വെറുതേ അപകടകരമായ സൈനികസേവനം നടത്തുന്നത്?. പക്ഷേ സൈന്യത്തോടും രാഷ്ട്രത്തോടുമുള്ള ആ അചഞ്ചലമായ ഭക്തി നിരസിക്കാൻ ഡോക്ടർ രഞ്ജനാ മാലികിനായില്ല. അവർ തന്റെ ഭർത്താവ് ജനറൽ വേദ്പ്രകാശ് മാലികിനെ വിവരം അറിയിച്ചു. അദ്ദേഹത്തിനു സമ്മതമായിരുന്നു. പ്രതിരോധമന്ത്രാലയത്തിനെ കാര്യങ്ങൾ ബോധിപ്പിക്കാൻ കുറച്ചു സമയമെടുത്തെങ്കിലും എല്ലാ കടമ്പകളും മറികടന്ന് രവീന്ദർജിത് ആർമിയിൽ ഓഫീസറായി പരിശീലനം നേടുക തന്നെ ചെയ്തു.
ആദ്യമായി സൈനിക ഓഫീസറായ ആ വീരനാരി രവീന്ദർജിത് രൺധ്വാര ഇന്ന് ലഫ്റ്റനന്റ് കേണൽ രവീന്ദർജിത് രൺധ്വാര ആണ്. ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന പർവതാരോഹകയും, മാരത്തോൺ ഓട്ടക്കാരിയും മോട്ടോർ സൈക്കിൾ റാലിയിസ്റ്റുമാണ് ലഫ്റ്റനന്റ് കേണൽ രവീന്ദർജിത് രൺധ്വാര. ശ്രീനഗറിലും ലഡാക്കിലും സേവനമനുഷ്ഠിച്ചിട്ടുള്ള അവർ ഇപ്പോൾ അംബാലയിലാണ് സൈനികസേവനം നടത്തുന്നത്. അന്ന് ഒക്കത്തിരുന്ന മകൾ സിമ്രാൻ ഇന്ന് കാനഡയിൽ നിന്ന് ബിരുദം നേടി ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ട്. സൈന്യത്തിൽ ചേരുക തന്നെയാണ് സിമ്രാന്റേയും ലക്ഷ്യം.
ജമ്മു കാശ്മീരിലെ കുപ്‌വാരയിലെ ഒരു ഗ്രാമത്തിൽ വച്ച് ഭീകരവാദികളെ തുരത്തുന്നതിനിടയിൽ 2015 നവംബർ 15ന് കേണൽ സന്തോഷ് മഹാധിക് വീരസ്വർഗ്ഗമണഞ്ഞപ്പോൾ ഒറ്റയ്ക്കായത് ഭാര്യയായ സ്വാതി മഹാധികും രണ്ട് കുട്ടികളുമായിരുന്നു. സംസ്കാരച്ചടങ്ങുകൾക്കിടയിൽ 41 രാഷ്ട്രീയ റൈഫിൾസിലെ സഹോദരന്മാർ കേണൽ മഹാധിക് അമർ രഹേ എന്ന് ആകാശത്തോളമുയരുന്ന മുദ്രാവാക്യം മുഴക്കിയപ്പോൾ തന്റെ എല്ലാം ഇല്ലാതായെന്നല്ല സ്വാതി മഹാധിക് കരുതിയത്. മരണാനന്തര ബഹുമതിയായി ശൗര്യചക്ര നേടിയ തന്റെ ഭർത്താവ് എന്തിനായാണോ ജീവിതം വെടിഞ്ഞത് ആ ഒരൊറ്റക്കാര്യത്തിനായി മാത്രം താനിനി ജീവിക്കും. അവർ ഉറപ്പിച്ചു. കേന്ദ്രീയവിദ്യാലയത്തിലെ അദ്ധ്യാപികയെന്ന സുരക്ഷിതമായ ജോലി വേണ്ടെന്ന് വച്ച് സൈന്യത്തിൽ ചേരാനുള്ള ആവശ്യവുമായി അധികാരികളെ സമീപിച്ചപ്പോൾ 35 വയസ്സ് എന്ന പ്രായം അവരുടെ മുന്നിൽ തടസ്സമായില്ല. ധീരബലിദാനിയായ ഓഫീസറുടെ ഭാര്യയായതിനാൽ അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കർ നേരിട്ട് പ്രായത്തിൽ ഇളവ് നൽകി. ചൈന്നൈ ഓഫീസേർസ് ട്രെയിനിങ്ങ് അക്കാദമിയിൽ നിന്ന് പരിശീലനം കഴിഞ്ഞിറങ്ങിയ സ്വാതി മഹാധിക് ഇന്ന് ആർമിയിൽ ലെഫ്റ്റനന്റ് ആണ്.
കേണൽ വിനീത് വർമ്മ ആസ്സാമിൽ വച്ച് ഭീകരവാദികളുടെ വെടിയേറ്റ് വീരസ്വർഗ്ഗമണഞ്ഞത് 2013ലാണ്. കരഞ്ഞിരിക്കാൻ ഭാര്യ രുചിവർമ്മയും തയ്യാറായിരുന്നില്ല. തന്റെ രാഷ്ട്രത്തിനായി ഇനി തന്റെ ജീവിതം നീക്കിവയ്ക്കാൻ അവർ തീരുമാനിച്ചു. മകൻ അക്ഷതിനെ നോക്കാൻ അവന്റെ മുത്തശ്ശിയെ ഏൽപ്പിച്ച് സ്റ്റാഫ് സെലക്ഷൻ പരീക്ഷയ്ക്ക് അവരും അപേക്ഷിച്ചു. ഓഫീസർ പരിശീലനത്തിന് സെലക്ഷൻ ലഭിച്ച അവർ ഇന്ന് ലഫ്റ്റനന്റ് രുചി വർമ്മയാണ്. പരിശീലനകാലഘട്ടമായിരുന്നു ഏറ്റവും കഠിനമെന്ന് രുചി പറയുന്നു. ആറു മാസത്തോളം കാലുകൾ ഒടിഞ്ഞു നുറുങ്ങുന്ന വേദനയായിരുന്നു. സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ഒരു പരിഗണനയും പരിശീലനത്തിൽ തന്നിരുന്നില്ല. എല്ലാ കടമ്പകളും കടന്ന് ഇന്ന് രാഷ്ട്രത്തിന്റെ സുരക്ഷാ ഓഫീസറായി സേവനമനുഷ്ഠിക്കുകയാണ് ലഫ്റ്റനന്റ് രുചി വർമ്മ.
ജീവിതം എല്ലാ സൗഭാഗ്യങ്ങളോടും മുന്നോട്ടുപോവുകയായിരുന്നു പ്രീയാ സെംവാൾ ശർമ്മയ്ക്ക്. സൈന്യത്തിൽ നായിക് ആയ അമിത് ശർമ്മയെ വിവാഹം കഴിക്കുമ്പോൾ പ്രീയ ബി എസ് സി ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു. പത്താം ക്ളാസ് വിദ്യാഭ്യാസം കഴിഞ്ഞ് നേരേ സൈനികനായി ജോലിക്ക് കയറിയ ഒരു സാധാരണ പട്ടാളക്കാരനായ നായിക് അമിത് ശർമ്മ പക്ഷേ ഭാര്യയുടെ തുടർന്നുള്ള പഠനത്തിന് എല്ലാ പിന്തുണയും നൽകി. പ്രീയാ സെംവാൾ ഡിഗ്രി വിജയിച്ചു. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി, ബി എഡും എടുത്തു. ഒരു മകളുണ്ടായപ്പോൾ അവളെ ക്വാഹിഷ് എന്നാണ് അവർ വിളിച്ചത്. എല്ലാ ആഗ്രഹങ്ങളുടേയും പൂർത്തീകരണമായെന്ന് എല്ലാവരും കരുതിയിരുന്നപ്പോഴാണ് വിധി അതിന്റെ ക്രൂരത കാട്ടിയത്. ജൂൺ 20 2012, അരുണാചൽ പ്രദേശിൽ ഭീകരരോട് ഏറ്റുമുട്ടി നായിക് അമിത് ശർമ്മ നാടിനു വേണ്ടി ധീര ബലിദാനിയായി.
ഭാര്യയെ പഠിപ്പിക്കാനും, ആരുടേയും നിഴലിലല്ലാതെ സ്വന്തം കാലിൽ നിർത്താനും വേണ്ടിയുള്ള നായിക് അമിത് ശർമ്മയുടെ പ്രയത്നങ്ങൾ അദ്ദേഹത്തിന്റെ കമാൻഡിങ്ങ് ഓഫീസറായ കേണൽ അഗർവാളിന് അറിയാമായിരുന്നു. അദ്ദേഹമാണ് പ്രീയയോട് സൈന്യത്തിൽ ചേരാൻ അഭ്യർത്ഥിച്ചത്. ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള അവരുടെ കുടുംബത്തിന് സ്ത്രീകൾ സൈനികസേവനം നടത്തുന്നതിനെപ്പറ്റി ആലോചിക്കാനേ കഴിഞ്ഞില്ല. അതും വിധയവായിരിക്കുന്ന സമയത്ത് ഇനി സൈന്യത്തിൽ കൂടി ചേരുന്നതെന്തിനാണെന്ന് അവർ സംശയിച്ചു. പക്ഷേ പ്രീയയ്ക്ക് ഉറപ്പുണ്ടായിരുന്നു. അതാണ് തന്റെ വഴിയെന്ന്. തന്റെ ഭർത്താവും അതാവും ആഗ്രഹിക്കുകയെന്ന് അവർക്ക് അറിയാമായിരുന്നു.
സർവീസസ് സെലക്ഷൻ ബോർഡ് പരീക്ഷ എഴുതിയ അവർ ആർമി ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടു. പതിനൊന്ന് മാസം തന്റെ എല്ലാമെല്ലാമായ മകളെ പിരിഞ്ഞിരിക്കുകയായിരുന്നു ആ അമ്മയുടെ ഏറ്റവും വലിയ വിഷമം. പക്ഷേ നാടിനു വേണ്ടി അവരാ ത്യാഗം സഹിച്ചു. മകളെ മുത്തശ്ശിയുടെയടുക്കലാക്കി അവർ ചെന്നൈയിൽ നിന്ന് ഓഫീസർസ് ട്രെയിനിങ്ങ് കഴിഞ്ഞു. ലഫ്റ്റനന്റ് ആയി സൈനികസേവനം തുടങ്ങിയ അവർ ഇന്ന് ഇലക്ടിക്കൽ ആൻഡ് മെക്കാനിക്കൽ എഞ്ചിനീയഴ്സ് കോറിൽ ക്യാപ്റ്റനായാണ് സേവനമനുഷ്ഠിക്കുന്നത്. സൈനികസേവനത്തിനിടെ ബിടെക് ബിരുദവും അവർ നേടിയെടുത്തു എന്ന് പറയുമ്പോഴാണ് രാഷ്ട്രത്തിനായി അവരുടെ സമർപ്പണം എത്ര വലുതാണെന്ന് മനസ്സിലാകുന്നത്.
ജീവിതത്തിൽ എല്ലാം തകർന്നെന്ന് കരുതുന്ന സമയത്തു പോലും കൈയ്യിലുള്ളതെല്ലാം വെടിഞ്ഞ് രാഷ്ട്രസേവനത്തിന്റെ അഗ്നിജ്വാലയിലേക്ക് സ്വയം സമർപ്പിച്ച ഈ വീരവനിതകൾ ത്യാഗത്തിന്റെ, സമർപ്പണത്തിന്റെ, ധൈര്യത്തിന്റെ വഴികാട്ടികളാണ്. ഈ വീരനാരിമാർക്ക് ബ്രേവ് ഇന്ത്യയുടെ സല്യൂട്ട്.
https://www.facebook.com/braveindianews/videos/573336573330182/?__xts__[0]=68.ARAZ2Xejjc3OUHesldf4wUCZMePmjtZihkc6RF-Kjc7XDQ4x-6bQG3yejX1VmNjZcR1Er6Ms5gcI1OSCx3LvbLODXuEsbV4sb4QgivDTF5Qwc_JCL86xJUetYHERe2D9v-KN_ePlHbMPZQIbWuokHSXQofu3LeHVDloyS7XYmCfgqq6oYlgB5wdfLC86vvlSqU19ES9DBFfdQH_QI5sK3zuAOabHAMcVCuyIdQ6YuEUGWEjGQJNlepBNPuQQhUnWT0Mba_I1zvDE56wJLj4yfHH9Q9ZR-qAjkQLXRXZs9rec5PKnZfaYyF0N8IVMy-Cpv3pEKDOKvl6oS4vM1E1asV_AbmEs2HPTNSMttw&__tn__=-R












Discussion about this post