തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി ഐ ടി വകുപ്പിൽ ജോലി നേടിയതുമായി ബന്ധപ്പെട്ട കേസിൽ സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി കേരള പൊലീസ്. ഇതിനായി പൊലീസ് ഇന്ന് എൻ ഐ എ കോടതിയിൽ അപേക്ഷ നൽകും. വിശ്വാസ വഞ്ചന നടത്തി ചതിയിലൂടെ ജോലി സമ്പാദിക്കണമെന്ന ഉദ്ദേശ്യത്തോടെ സ്വപ്ന വ്യാജരേഖ ചമച്ചെന്നാണ് എഫ്.ഐ.ആർ. രണ്ടാം പ്രതിയായി കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർ കൂപ്പേഴ്സ്, മൂന്നാം പ്രതിയായി വിഷൻ ടെക്നോളജീസ് എന്നീ പേരുകളും എഫ്.ഐ.ആറിലുണ്ട്.
ബാബാസാഹേബ് അംബേദ്ക്കർ സർവകലാശാലയുടെ പേരിലുള്ള വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്ന ഐ.ടി വകുപ്പിൽ ജോലി നേടിയത്. ഇതു സംബന്ധിച്ച് ഐടി വകുപ്പിന് കീഴിലെ കെ.എസ്.ഐ.ടി. എം.ഡി. നൽകിയ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു. സ്വപ്ന സുരേഷ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തേടി പൊലീസ് ഡോ. ബാബാസാഹേബ് അംബേദ്ക്കർ സർവകലാശാലയ്ക്കും കത്തയച്ചിട്ടുണ്ട്.
സ്വപ്നയുടെ ബി.കോം ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയിലെ ഡോ. ബാബാസാഹിബ് അംബേദ്കർ സാങ്കേതിക സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റാണ് വിവിധയിടങ്ങളിൽ ജോലിക്കായി സ്വപ്ന ഹാജരാക്കിയിരുന്നത്. എന്നാൽ ഈ സർവകലാശാലയിൽ ബി.കോം കോഴ്സ് ഇല്ലെന്ന് പിന്നീട് വ്യക്തമായിരുന്നു.












