ഡല്‍ഹി: രാജ്യത്തെ കൊറോണ രോഗികളില്‍ മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര- സംസ്ഥാന-കേന്ദ്രഭരണ പ്രദേശ ഗവണ്മെന്റുകളും നടത്തിയ കൂട്ടായ പരിശ്രമത്തിലൂടെയാണ് മരണനിരക്കു കുറയ്ക്കാനായതും രോഗമുക്തരുടെ എണ്ണം വര്ധിപ്പിക്കാനായതുമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയിലൂടെ പറഞ്ഞു.
രാജ്യത്തെ കൊറോണ മരണനിരക്ക് കുറഞ്ഞ് നിലവില്‍ 2.28% ആയി. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്ത്യയിലാണ്. തുടര്‍ച്ചയായ നാലാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം 30,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 31,991 കൊറോണ രോഗികളാണ് സുഖംപ്രാപിച്ചത്. ആകെ രോഗമുക്തര്‍ 9 ലക്ഷം കവിഞ്ഞു. നിലവില്‍ 9,17,567 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 64% ആണ്.
രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം ഇന്നത്തെ കണക്കനുസരിച്ച് 4,85,114 ആണ്. രോഗമുക്തരുടെ എണ്ണം നിലവിലുള്ള കേസുകളേക്കാള്‍ 4,32,453 അധികമാണ്. ആശുപത്രികളിലും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വൈദ്യസഹായം ഉറപ്പാക്കുന്നുമുണ്ട്.
Discussion about this post