ന്യൂയോർക്ക്: ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന അയോധ്യ രാമക്ഷേത്ര ശിലാസ്ഥാപനം ചരിത്ര സംഭവമാക്കാനൊരുങ്ങി ന്യൂയോർക്ക്. ലോകത്തെ അതിപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ടൈംസ് സ്ക്വയറിലെ പടുകൂറ്റൻ പരസ്യബോർഡുകളിൽ അന്നേ ദിവസം രാമക്ഷേത്രത്തിന്റെയും രാമന്റെയും 3ഡി ഛായാചിത്രങ്ങൾ പ്രദർശിപ്പിക്കും.
ക്ഷേത്ര ശിലാസ്ഥാപനം നടക്കുന്ന ഓഗസ്റ്റ് 5ന് രാവിലെ 8 മുതൽ രാത്രി 10 വരെ ഹിന്ദിയിലും ഇംഗ്ലിഷിലും ‘ജയ് ശ്രീറാം’ മന്ത്രം, രാമന്റെ ഛായാചിത്രങ്ങളും വിഡിയോകളും, ക്ഷേത്ര രൂപകൽപ്പനയുടെയും വാസ്തുവിദ്യയുടെയും 3ഡി ചിത്രങ്ങൾ, ശിലാപൂജയുടെ ദൃശ്യങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്ര നിർമാണത്തിനു തറക്കല്ലിടുന്ന ചരിത്ര നിമിഷം ആഘോഷിക്കാൻ ന്യൂയോർക്ക് തയ്യാറെടുത്തു കഴിഞ്ഞതായി അമേരിക്കൻ ഇന്ത്യ പബ്ലിക് അഫയേഴ്സ് കമ്മിറ്റി അറിയിച്ചു.
പ്രദർശനത്തിനായി വലിയ പരസ്യബോർഡുകൾ കമ്മിറ്റി വാടകയ്ക്കെടുത്തു കഴിഞ്ഞു. കൂറ്റൻ നാസ്ഡാക്ക് സ്ക്രീനും 17,000 ചതുരശ്രയടി വലിപ്പത്തിൽ എൽഇഡി ഡിസ്പ്ലേ സ്ക്രീനും ഒരുക്കും. ലോകത്തിലെ ഏറ്റവും വലിയ പരസ്യ ഡിസ്പ്ലേയും ടൈംസ് സ്ക്വയറിലെ ഏറ്റവും മിഴിവുള്ള എൽഇഡി ഡിസ്പ്ലേയും ആയിരിക്കും ഇത്.
ക്ഷേത്രശിലാസ്ഥാപനം ആഘോഷിക്കുന്നതിനും മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നതിനുമായി ഇന്ത്യൻ സമൂഹം ടൈംസ് സ്ക്വയറിൽ സംഗമിക്കും. മനുഷ്യ സംസ്കാരത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തമായി രാമക്ഷേത്ര ശിലാസ്ഥാപനത്തെ ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹം മാറ്റുമെന്ന് സംഘാടകർ അറിയിച്ചു.
Discussion about this post