ഡല്‍ഹി: പ്രതിഷേധം ശക്തമായതോടെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചയില്‍ പദ്ധതി നടപ്പാക്കാനുള്ള തീരുമാനമെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്താനുമായുള്ള 1965 ലെ യുദ്ധത്തിന്റെ 50 ാം വാര്‍ഷിക ദിനമായ ആഗസ്ത് 28 ന് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രധാനമന്ത്രിയായിരിക്കും പ്രഖ്യാപനം നടത്തുക. പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച മൂന്നു സൈനികര്‍ നിരാഹാര സമരത്തിലാണ്. ഇതില്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കേണല്‍ പുഷ്‌പേന്ദ്ര സിങ്ങിനെ സൈനിക ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രണ്ടാമത്തെയാളുടെ ആരോഗ്യനിലയും വഷളായിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ആഗസ്ത് 28ന് തന്നെ പദ്ധതി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സ്വതാന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും തീയതി സംബന്ധിച്ച പ്രഖ്യാപനമൊന്നും വരാത്തതിനെ തുടര്‍ന്നാണ് അനിശ്ചിതകാല നിരാഹാരം സൈനികര്‍ തുടങ്ങിയത്. 22 ലക്ഷത്തോളം വരുന്ന വിരമിച്ച സൈനികരും യുദ്ധത്തില്‍ വീരമൃത്യവരിച്ചവരുടെ വിധവകളായ ആറ് ലക്ഷത്തോളം പേരുമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ 12 മുതല്‍ ജന്തര്‍മന്ദിറില്‍ വിരമിച്ച സൈനികര്‍ പ്രക്ഷോഭത്തിലാണ്. മുന്‍ കരസേന മേധാവിയും കേന്ദ്രമന്ത്രിയുമായ വി.കെ സിങ്ങിന്റെ മകള്‍ മൃണാലി സിങ്ങും പ്രക്ഷോഭത്തിന് പിന്തുണയുമായി കഴിഞ്ഞദിവസം സമരപ്പന്തലിലെത്തിയിരുന്നു.
Discussion about this post