മദ്യനയത്തില്‍ സുപ്രിം കോടതി നിലപാട് എതിരായേക്കുമെന്ന കണക്ക് കൂട്ടലില്‍ സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നതുള്‍പ്പടെ മദ്യനയത്തില്‍ പഴയ അവസ്ഥയിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് ബാറുകള്‍ തുറക്കാനും അതിന് ശേഷമുണ്ടാകാവുന്ന വിമര്‍ശനങ്ങള്‍ നേരിടാനും സര്‍ക്കാര്‍ രഹസ്യനീക്കം തുടങ്ങി.
ബാര്‍ വിഷയത്തില്‍ മുന്‍സ്ഥിതി തുടരാനോ അല്ലെങ്കില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം നടത്താനുള്ള നിര്‍ദ്ദേശം നല്‍കാനോ സുപ്രിം കോടതി തയ്യാറാകുമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. ഈ സാഹചര്യം ഉണ്ടാക്കിയേക്കാവുന്ന തിരിച്ചടി മറികടക്കാന്‍ മദ്യനയത്തെ കുറിച്ച് പഠിക്കാന്‍ റിട്ടയേര്‍ഡ് ജസ്റ്റിസിന്റെ നേതൃത്ത്വത്തിലുള്ള ഏകാംഗകമ്മീഷനെ വെക്കാന്‍ സര്‍ക്കാര്‍ രഹസ്യനീക്കം തുടങ്ങി. ചില റിട്ടയേര്‍ഡ് ജഡ്ജിമാരുമായി ഇതിനായി സര്‍ക്കാര്‍ രഹസ്യമായി നിയോഗിച്ച ദൂതനായ അഭിഭാഷകന് കൂടിക്കാഴ്ച നടത്തി. എക്സൈസ് വകുപ്പുമായും, ബാറുടമകളുമായും അടുത്ത ബന്ധമുള്ള ഒരു മുതിര്‍ന്ന അഭിഭാഷകനാണ് ഇത്തരമൊരു നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്.
ഫൈവ് സ്റ്റാറുകള്‍ക്ക് മദ്യം വിളമ്പാം എന്നത് മദ്യനയത്തിലെ വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബാറുടനമകളുടെ അഭിഭാഷകന് നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളില്‍ ഗുരുതരമായ പിഴവുകളുണ്ടെന്ന് ബാറുടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാകന് ആര്യാമ സുന്ദരം ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കൂടിയായ മുകുള്‍ റഹ്താഗിയും സര്‍ക്കാര്‍ നയങ്ങളെ പൊളിച്ചടുക്കി. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ബാറുകള്‍ കേന്ദ്ര സര്‍ക്കാര്‍ നയപ്രകാരം ഒരേ ശ്രേണിയിലാണ് പെടുക. ഫൈവ് സ്റ്റാറിന് ലൈസന്‍സ് അനുവദിച്ചാല്‍ ഫോര്‍ സ്റ്റാറിനും അനുവദിക്കണം. ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ബാറില്ലെങ്കില്‍ കേരളത്തിലേക്ക് വിനോദ സഞ്ചാരികളെത്തില്ല. കേരളത്തിന് പകരം അവര്‍ കൊളംബോയിലേക്ക് ടിക്കറ്റെടുക്കും. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കണമെന്ന് ഒരുവശത്ത് സര്‍ക്കാര്‍ പറയുമ്പോഴാണ് മറുവശത്ത് ഇത്തരമൊരു നയം.
സംസ്ഥാനത്തെ 38 ഫോര്‍ സ്റ്റാര്‍ ബാറുകളിലൂടെ 4 ശതമാനം മദ്യം മാത്രമേ വിറ്റഴിക്കുന്നുള്ളൂ. ഡാന്‍സ് ബാര്‍ കേസില്‍ മദ്യവും ഡാന്സുമാകാമെന്നാണ് ബോംബെ ഹൈക്കോടതി പറഞ്ഞതെന്നും മുകുള്‍ റഹ്താഗി ചൂണ്ടിക്കാട്ടിിരുന്നു. ഇതേ തുടര്‍ന്ന് ടൂറിസ്റ്റുകള്‍ എത്ര ശതമാനം മദ്യം ഉപയോഗിക്കുന്നുണ്ടെന്ന് കണക്ക് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.
ബാറുടമകള്‍ക്ക് അനുകൂലമായേക്കാവുന്ന ചില പരാമര്‍ശങ്ങളും സുപ്രിം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. ഫലത്തില്‍ മദ്യനയം സുപ്രിം കോടതി നിര്‍ദ്ദേശങ്ങളുടെയോ, ഉത്തരവിലൂടേയോ പൊളിച്ചടുക്കാമെന്നാണ് സര്‍ക്കാരും കണക്ക് കൂട്ടുന്നത്. ഏകാംഗ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നേരത്തെ തന്നെ കണ്ട് പിടിച്ച് വെക്കുന്നതുള്‍പ്പടെ സര്‍ക്കാര്‍ നടത്തുന്ന രഹസ്യ നീക്കങ്ങള്‍ മദ്യനയത്തില്‍ മാറ്റം വരുത്താനുള്ള നീക്കങ്ങളുടെ ഭാഗമാണ്.
ബാറുകള്‍ തുറന്നാല്‍ അത് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. അതേസനയം തെരഞ്ഞെടുപ്പ് നവംബറിന് ശേഷമായാല്‍ ഈയൊരു എതിര് വികാരം തണുപ്പിക്കാന്‍ കഴിയുമെന്ന് യുഡിഎഫ് കണ്ക് കൂട്ടുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോകാനുള്ള തീരുമാനത്തിന് പിന്നില്‍ മദ്യനയത്തിലെ അനിശ്ചിതത്വവും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post