ഡൽഹി: സ്വാതന്ത്ര്യ ദിനത്തിലെ പ്രഖ്യാപനം പ്രാവർത്തികമാക്കാനൊരുങ്ങി മോദി സർക്കാർ. പെൺകുട്ടികളുടെ വിവാഹ പ്രായം 18 വയസ്സിൽ നിന്ന് 21 വയസ്സാക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച പഠനത്തിന് കേന്ദ്രസർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ വിഷയത്തിൽ തീരുമാനമുണ്ടാകും.
ഗർഭകാലത്തെ ആരോഗ്യ പരിപാലനം കുറ്റമറ്റതാക്കുക, മാതൃമരണ നിരക്ക് കുറയ്ക്കുക, വിളര്‍ച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ് വിവാഹപ്രായം ഉയര്‍ത്താന്‍ ആലോചിക്കുന്നത്. ഇതിനായി സാമൂഹ്യ പ്രവർത്തക ജയ ജെയ്റ്റ്ലി അദ്ധ്യക്ഷയായ സമിതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് പെണ്‍കുട്ടികളുടെ ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ റിപ്പോർട്ടിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
1978ലാണ് പെൺകുട്ടികളുടെ വിവാഹപ്രായം 15ൽനിന്ന് 18 ആയി ഉയർത്തിയത്. ഇതിൽ മാറ്റം വരുത്തണമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടേത് 21 ഉം ആണ്.
ശൈശവ വിവാഹ നിരോധന നിയമത്തിൽ ഭേദഗതി വരുത്താനും കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. ശൈശവ വിവാഹങ്ങൾക്ക് ഒത്താശ ചെയ്യുകയും കാർമികത്വം വഹിക്കുകയും ചെയ്യുന്നവർക്കുള്ള ശിക്ഷ കഠിനമാക്കാനും 2019 നവംബറിൽ കേന്ദ്രം തീരുമാനിച്ചിരുന്നു. 2 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും എന്നത് 7 വർഷം തടവും 7 ലക്ഷം രൂപ പിഴയുമാക്കാനാണ് പുതിയ തീരുമാനം.
Discussion about this post