ലഖ്നൗ: ഉത്തർപ്രദേശ് മന്ത്രി ചേതൻ ചൗഹാൻ അന്തരിച്ചു. കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ 12നാണ് രോഗബാധയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയാണ് ചേതൻ ചൗഹാൻ. അദ്ദേഹത്തിന് 73 വയസ്സായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്ന ചേതൻ ചൗഹാന് ഇന്ന് വൃക്കകളും തകരാറിലാകുകയായിരുന്നു. തുടർന്ന അവയവങ്ങളുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചതോടെ മരണം സംഭവിക്കുകയായിരുന്നു.
ഇന്ത്യക്കായി 40 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ചേതൻ ചൗഹാൻ, ഇതിഹാസ താരം സുനിൽ ഗാവസ്കറുടെ ഓപ്പണിംഗ് പങ്കാളിയായിരുന്നു. ഓസ്ട്രേലിയൻ പര്യടന കാലത്ത് ഇന്ത്യൻ ടീമിന്റെ മാനേജരായി പ്രവർത്തിച്ചിരുന്ന ചേതൻ ചൗഹാൻ ഡെൽഹി ക്രിക്കറ്റ് അസോസിയേഷനിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെലക്ടർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
Discussion about this post