തിരുവനന്തപുരം : പി.എസ്.സി നിയമനത്തിലെ തട്ടിപ്പ് കയ്യോടെ പിടികൂടിയ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വിസമ്മതിച്ച് പോലീസ്.കേസിലെ പ്രതികളായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കൾ ജാമ്യത്തിലിറങ്ങി വിലസി നടക്കുകയാണ്.
യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാംപ്രതി എസ്എഫ്ഐ നേതാവ് ആർ.ശിവരഞ്ജിത്തിനായിരുന്നു പോലീസ് കോൺസ്റ്റബിൾ പട്ടികയിൽ ഒന്നാം റാങ്ക്.കേസിലെ രണ്ടാം പ്രതി എ.എൻ നസീമിനു ഇരുപത്തിയെട്ടാം റാങ്കും, എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന പ്രണവിന് രണ്ടാം റാങ്കുമായിരുന്നു.കോപ്പിയടിച്ചാണ് റാങ്ക് പട്ടികയിൽ ഇവർ കയറികൂടിയതെന്ന ആരോപണമുണ്ടായപ്പോൾ മുഖ്യമന്ത്രി ആദ്യം അത് നിഷേധിച്ചിരുന്നു.എന്നാൽ, പിഎസ്‌സി വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ തന്നെ സംഭവം കോപ്പിയടിയാണെന്ന് തെളിഞ്ഞു.ഈ കേസിൽ അന്വേഷണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.പി.എസ്.സിയുടെ വിശ്വാസ്യത തുടർച്ചയായി ചോദ്യം ചെയ്യപ്പെടുന്ന ഈ വേളയിലും അന്വേഷണം കഴിഞ്ഞ കേസിൽ വരെ നടപടിയെടുക്കാൻ സർക്കാർ വിസമ്മതിക്കുകയാണ്.












