ലൈൻ ഓഫ് കണ്ട്രോളിനു സമീപം വിന്യസിച്ചിട്ടുള്ള സൈനികരുടെ എണ്ണം കുറയ്ക്കില്ലെന്ന് ഇന്ത്യ.ഗാൽവൻ താഴ്‌വരയിൽ ചൈന പ്രകോപനം തുടരുന്ന പശ്ചാത്തലത്തിലാണ് അതിർത്തിയിലെ സൈനികരുടെ എണ്ണം കുറയ്ക്കില്ലെന്ന കാര്യം ഇന്ത്യ വ്യക്തമാക്കിയത്.ലഡാക്ക് അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ശനിയാഴ്ച പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു.ഈ യോഗത്തിലാണ് അതിർത്തിയിൽ വിന്യസിച്ചിട്ടുള്ള സൈനികരുടെയെണ്ണം കുറയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രതിരോധസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ എംഎം നരവനെ, നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്, വ്യോമസേനാ മേധാവി മാർഷൽ ആർകെഎസ് ബദൗരിയ എന്നിവർ പങ്കെടുത്തു.അതിർത്തിയിലെ ചൈനയുടെ നീക്കത്തെ സംബന്ധിച്ചും ഇപ്പോഴത്തെ സ്ഥിതിഗതികളെ സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്തു.വ്യാഴാഴ്ച അതിർത്തിയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യയും ചൈനയും തമ്മിൽ നയതന്ത്ര ചർച്ചകൾ നടന്നിരുന്നു.അതിനു പിന്നാലെയാണ് രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നത്.








