ഹൃദയാഘാതത്തിനും സ്ട്രോക്കിനും കാരണമാകുന്ന ചീത്ത കൊളസ്ട്രോൾ (LDL) നിയന്ത്രിക്കുന്ന ചികിത്സാ രംഗത്ത് വലിയൊരു വിപ്ലവത്തിന് വഴിതുറന്നുകൊണ്ട് ലോകത്തിലെ ആദ്യത്തെ കൊളസ്ട്രോൾ നിവാരണ ഗുളികയ്ക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (USFDA) അനുമതി നൽകി. ‘ലിപ്ഫെൻഡ്ര’ (Lipfendra) എന്ന് പേരിട്ടിരിക്കുന്ന ഈ ഗുളിക പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മെർക്ക് (Merck) ആണ് വികസിപ്പിച്ചെടുത്തത്. ‘എൻലിസിറ്റൈഡ്’ (enlicitide) എന്ന സജീവ ഘടകമാണ് ഈ മരുന്നിലുള്ളത്. നിലവിൽ അതീവ സങ്കീർണ്ണവും കഠിനവുമായ കൊളസ്ട്രോൾ കുറയ്ക്കാൻ നൽകുന്ന ഏറ്റവും ശക്തമായ മരുന്നുകൾ കുത്തിവെയ്പ്പുകളായാണ് ലഭ്യമായിരുന്നത്. എന്നാൽ ഇനി മുതൽ ദിവസവും കഴിക്കാവുന്ന ഈ ഒരൊറ്റ ഗുളികയിലൂടെ കൊളസ്ട്രോൾ ഫലപ്രദമായി നിയന്ത്രിക്കാനാകും.
‘പിസിഎസ്കെ9 ഇൻഹിബിറ്റർ’ (PCSK9 inhibitor) വിഭാഗത്തിൽപ്പെടുന്ന ലോകത്തിലെ ആദ്യത്തെ ഓറൽ (കഴിക്കാൻ സാധിക്കുന്ന) മരുന്നാണിത്. കരളിന് രക്തത്തിൽ നിന്ന് ചീത്ത കൊളസ്ട്രോളിനെ നീക്കം ചെയ്യാൻ തടസ്സം നിൽക്കുന്ന പിസിഎസ്കെ9 എന്ന പ്രോട്ടീന്റെ പ്രവർത്തനത്തെ തടയുകയാണ് ഈ മരുന്ന് ചെയ്യുന്നത്. ഇത് വരെ ഇത്തരം ഇൻഹിബിറ്ററുകൾ ഏതാനും ആഴ്ചകളുടെ ഇടവേളകളിൽ രോഗികൾ സ്വയം കുത്തിവെയ്ക്കുകയായിരുന്നു പതിവ്. പല രോഗികൾക്കും പതിവായി ഇൻജക്ഷനുകൾ എടുക്കാനുള്ള മടിയും പ്രായോഗിക ബുദ്ധിമുട്ടുകളും കാരണം ഈ ചികിത്സ കൃത്യമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. ഈ പ്രതിസന്ധിക്കാണ് പുതിയ ഗുളികയുടെ വരവോടെ പരിഹാരമാകുന്നത്.
മുംബൈയിലെ പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. എസ് എ മെർച്ചന്റ് വ്യക്തമാക്കുന്നത് അനുസരിച്ച്, ഇതൊരു പുതിയ കണ്ടുപിടുത്തം എന്നതിലുപരി, നിലവിൽ ഡോക്ടർമാർക്ക് പൂർണ്ണ വിശ്വാസമുള്ള ഒരു മികച്ച ചികിത്സാ രീതി കൂടുതൽ സാധാരണക്കാരിലേക്ക് എളുപ്പത്തിൽ എത്തിക്കാൻ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ വലിയ ആവേശത്തോടെയാണ് മെഡിക്കൽ ലോകം ഈ വാർത്തയെ സ്വീകരിച്ചിരിക്കുന്നത്. ഇൻജക്ഷനുകളേക്കാൾ വളരെ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന ഈ ഗുളിക കൊളസ്ട്രോൾ രോഗികളിൽ വലിയൊരു ശതമാനത്തിനും ആശ്വാസമേകും. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഈ മരുന്ന് ചീത്ത കൊളസ്ട്രോളിന്റെ അളവ് വലിയ തോതിൽ കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലെ കൊളസ്ട്രോൾ രോഗികൾക്ക് ഈ മരുന്ന് ലഭ്യമാകാൻ ഇന്ത്യൻ ഡ്രഗ് റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരവും തുടർനടപടികളും ആവശ്യമാണ്. ഇന്ത്യയിൽ ഈ മരുന്ന് എന്ന് ലഭ്യമാകുമെന്നതും ഇതിന്റെ വില എത്രയായിരിക്കുമെന്നതും അനുസരിച്ചായിരിക്കും സാധാരണക്കാരായ ഇന്ത്യൻ രോഗികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുക. എങ്കിലും ഹൃദ്രോഗ പ്രതിരോധ രംഗത്ത് ആഗോളതലത്തിൽ ഈ പുതിയ ഗുളിക വലിയൊരു നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.












