ഡൽഹി: ഡൽഹി കലാപത്തിലെ പങ്കാളിത്തത്തിന്റെ പേരിൽ അറസ്റ്റിലായ മുൻ ആം ആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈന് കൗൺസിലർ സ്ഥാനം നഷ്ടമായി. തുടർച്ചയായ മൂന്ന് മാസം കോർപ്പറേഷന്റെ അനുമതിയില്ലാതെ യോഗങ്ങളിൽ നിന്നും വിട്ടു നിന്നതിനാണ് താഹിർ ഹുസൈനെ പുറത്താക്കിയതെന്ന് ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.
താഹിർ ഹുസൈനെ കോർപ്പറേഷനിൽ നിന്നും പുറത്താക്കണമെന്ന് ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കലാപത്തിൽ പങ്കാളിയായ താഹിർ ഹുസൈനെ പോലെയുള്ളവർ കോർപ്പറേഷനിൽ തുടരാൻ പാടില്ലെന്ന് കാട്ടി ബിജെപി കൗൺസിലർ പ്രവീൺ ശങ്കർ കപൂർ കോർപ്പറേഷന് കത്ത് നൽകിയിരുന്നു.
ഫെബ്രുവരി 23 മുതൽ 26 വരെ ഡൽഹിയുടെ വടക്ക് കിഴക്കൻ ഭാഗങ്ങളിൽ അരങ്ങേറിയ കലാപങ്ങളിൽ 51 പേർ കൊല്ലപ്പെട്ടിരുന്നു. നൂറു കണക്കിന് ആളുകൾക്ക് കലാപത്തിൽ പരിക്കേറ്റിരുന്നു. കൊലപാതകം, കലാപത്തിന് നേതൃത്വം നൽകൽ, ഗൂഢാലോചന എന്നിവയടക്കം ചുമത്തി പത്ത് കേസുകളാണ് പൊലീസ് ഇയാൾക്കെതിരെ എടുത്തിരിക്കുന്നത്.
കലാപങ്ങളിലെ തന്റെ പങ്ക് താഹിർ ഹുസൈൻ ഡൽഹി പൊലീസിന് മുന്നിൽ ഏറ്റു പറഞ്ഞിരുന്നു. ഇയാളെ ആം ആദ്മി പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു.









