ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്ഷ് ഇ മുഹമ്മദ് തലവനുമായ മൗലാന മസൂദ് അസ്ഹറിന് പാകിസ്ഥാന് അഭയം നല്‍കുന്നുവെന്ന് ഇന്ത്യ.
“പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ തന്നെ ജയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു. സംഘടനയും അതിന് നേതൃത്വം നല്‍കുന്നതും പാകിസ്ഥാനില്‍ നിന്നാണ്. കുറ്റപത്രത്തിലെ ആദ്യത്തെ പ്രതി മസൂദ് അസര്‍ പാകിസ്ഥാനില്‍ അഭയം കണ്ടെത്തുന്നത് ഖേദകരമാണ്.ആവശ്യമായ തെളിവുകള്‍ നല്‍കിയെങ്കിലും പാകിസ്ഥാന് നടപടിയെടുത്തില്ല.” വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം സുപ്രധാന തെളിവുകള്‍ നല്‍കിയിട്ടും പാകിസ്ഥാന് അതില്‍ നടപടിയെടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2019 ഫെബ്രുവരി 14 നാണ് പൂല്‍വാമയില്‍ സി.ആര്.പി.എഫ് ജവാന്മാര്ക്ക് നേരെ ആക്രമണം നടന്നത്. തുടര്‍ന്ന് ഒന്നരവര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങളെയും കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ എത്തിക്കുന്നതിനായാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ഇന്ത്യയേയും പാകിസ്ഥാനേയും യുദ്ധത്തിന്റെ വക്കിലെത്തിച്ച പൂല്‍വാമ ഭീകരാക്രമണത്തില്‍ 40 ഇന്ത്യന്‍ സൈനികരാണ് മരണപ്പെട്ടിരുന്നത്. ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ കുറ്റപത്രത്തില്‍ സമര്‍പ്പിച്ചതായും അധികൃതര്‍ പറഞ്ഞു.
Discussion about this post